ബെംഗളൂരു: ബെന്നാർഘട്ട ദേശീയോദ്യാനത്തിന്റെ സമീപപ്രദേശങ്ങളിലും രാമനഗരയിലും നാട്ടിലേക്കിറങ്ങുന്ന കാട്ടാനയെത്തുരത്താൻ 32 അംഗ കർമസേന രൂപവത്കരിച്ച് വനംവകുപ്പ്. രണ്ട് റീജണൽ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർമാർ, ആറു ഫോറസ്റ്റുഗാർഡുമാർ, കരാറടിസ്ഥാനത്തിൽ നിയമിച്ച 24 ജീവനക്കാർ എന്നിവരാണ് സേനയിലുള്ളത്.
സേനയിലെ പകുതിയംഗങ്ങൾ ബെംഗളൂരുവിലും മറ്റുള്ളവരിൽ രാമനഗരയിലും ക്യാമ്പുചെയ്യും. വനംവകുപ്പിന്റെ ബെംഗളൂരു സർക്കിളിന് കീഴിലായിരിക്കും സേനയുടെ പ്രവർത്തനം.കഴിഞ്ഞമാസം ബെന്നാർഘട്ടയിലും രാമനഗരയിലുമായി കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുകർഷകർ മരിച്ചതിനെത്തുടർന്നാണ് ഇവയെ തുരത്താൻ പ്രത്യേകസേനയെ നിയോഗിക്കാനുള്ള തീരുമാനം. കാടിനോടുചേർന്നുള്ള പ്രദേശങ്ങളിൽ മുഴുവൻസമയവും സേനാംഗങ്ങൾ പട്രോളിങ് നടത്തും.കാട്ടാന ജനവാസ മേഖലയിലിറങ്ങിയാൽ നാട്ടുകാരോടൊപ്പംചേർന്ന് ഇവയെ കാട്ടിലേക്ക് തന്നെ തിരിച്ചയയ്ക്കുകയാണ് കർമസേനയുടെ ചുമതല. കാട്ടാനയെ തുരത്തുന്നതിൽ പ്രത്യേക പരിശീലനവും സംഘത്തിന് നൽകും.
അതേസമയം, സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കാട്ടാന ജനവാസകേന്ദ്രങ്ങളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്നത് കുറയ്ക്കാൻ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചുവരുകയാണ് വനം വകുപ്പ്.ആനയെ തുരത്താനുള്ള ശാസ്ത്രീയ മാർഗങ്ങളിൽ ഗ്രാമീണർക്ക് പരിശീലനം നൽകുന്നതുൾപ്പെടെയുള്ള നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്.
ഇതിനൊപ്പം കമ്പിവേലികൾ സ്ഥാപിക്കൽ, കിടങ്ങുകൾ നിർമിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും സജീവമാണ്. നേരത്തേ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ പ്രഖ്യാപിച്ചിരുന്നു.