ബെംഗളൂരു: അന്നഭാഗ്യ പദ്ധതി പ്രകാരം അരിക്ക് പകരമായുള്ള പണം ജൂലായ് 15 മുതൽ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും അദ്ദേഹം ശനിയാഴ്ച അറിയിച്ചു.ജൂലായ് ഒന്നിന് പദ്ധതിക്ക് തുടക്കമിടാനാണ് സർക്കാർ നിശ്ചയിച്ചിരുന്നത്. ബി.പി.എൽ. കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്കും പത്ത് കിലോ അരി വീതം സൗജന്യമായി നൽകാൻ ലക്ഷ്യമിട്ട പദ്ധതിയാണിത്. ഇതിൽ അഞ്ചു കിലോ അരി കേന്ദ്ര സർക്കാരിൽനിന്നും ലഭിച്ചുവരുന്നുണ്ട്.
ബാക്കി അഞ്ചു കിലോ അരി ലഭ്യമാക്കാനായില്ല. എഫ്.സി.ഐ.യിൽനിന്ന് അരിവാങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. എഫ്.സി.ഐ.യിൽനിന്ന് സംസ്ഥാന സർക്കാരിന് അരി വിൽക്കുന്നത് കേന്ദ്രസർക്കാർ നിർത്തിയതാണ് കാരണം. അഞ്ച് കിലോ അരിയും ബാക്കി അഞ്ച് കിലോയുടെ പണവും നൽകാനാണ് നിലവിലെ തീരുമാനം. കിലോക്ക് 34 രൂപ നിരക്കിലാണ് പണം നൽകുക. ഈ മാസത്തെ പണം ഈ മാസം തന്നെ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.