ബെംഗളൂരു: വയനാട്ടിലെദുരന്തബാധിതർക്ക് കർണാടകയുടെ കൈത്താങ്ങ്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ വീട് നഷ്ടപ്പെട്ടവർക്ക് 100 വീടുകൾ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ദുരന്തഭൂമിയായി മാറിയ വയനാടിനെ പുനരധിവസിപ്പിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഒന്നിച്ച് ഒറ്റക്കെട്ടായി പുനരവധിവാസം പൂർത്തിയാക്കി പ്രതീക്ഷ നിലനിർത്തുമെന്നും സിദ്ധരാമയ്യ പറഞ്ഞു. സമൂഹമാധ്യമമായ എക്സ് വഴിയാണ് സിദ്ധരാമയ്യ ഇക്കാര്യം അറിയിച്ചത്. നേരത്തെയും കേരളത്തിൽ ദുരന്തമുണ്ടായപ്പോൾ എല്ലാവിധ പിന്തുണയുമായി അയൽസംസ്ഥാനങ്ങളായ കർണാടകയും തമിഴ്നാടും രംഗത്തെത്തിയിരുന്നു. ഇത്തവണ ഉരുൾപൊട്ടലുണ്ടായ ഉടൻ കർണാടകയിൽ നിന്ന് രക്ഷാപ്രവർത്തനത്തിനായി ഐഎഎസ് ഉദ്യോഗസ്ഥരെയും നയച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ആയർഫോഴ്സും വയനാട്ടിലെത്തിയിരുന്നു. തമിഴ്നാട് സർക്കാരും വയനാടിന് നേരത്തെ സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കർണാടകയും വയനാട് പുനരധിവാസ പദ്ധതിയിൽ 100 വീടുകൾ നിർമിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ വയനാട് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ 300ലധികം പേർ മരിക്കുകയും 500ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 300ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.