Home Featured കർണാടകയിൽ പുതിയ വ്യവസായ നയം കൊണ്ടുവരുമെന്ന് സിദ്ധരാമയ്യ

കർണാടകയിൽ പുതിയ വ്യവസായ നയം കൊണ്ടുവരുമെന്ന് സിദ്ധരാമയ്യ

by admin

ബെംഗളൂരു: സംസ്ഥാന സർക്കാർ പുതിയ വ്യവസായ നയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വ്യവസായങ്ങൾക്ക് സർക്കാർ ഉയർന്ന പരിഗണനയാണ് നൽകുന്നതെന്നും ദ്രുതഗതിയിലുള്ള വ്യവസായവത്കരണത്തിലൂടെയെ തൊഴിലവസരം ഉത്പാദിപ്പിക്കപ്പെടുകയുള്ളൂവെന്നും സിദ്ധരാമയ്യ പറഞ്ഞു. വാണിജ്യ വ്യവസായ വകുപ്പും വിശ്വേശ്വരായ ട്രേഡ് പ്രൊമോഷൻ സെന്ററും (വി.ടി.പി.സി.) ചേർന്ന് സംഘടിപ്പിച്ച സംസ്ഥാന എക്സ്‌പോർട്ട് എക്സലൻസ് അവാർഡ് ദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുൻകാലങ്ങളിൽ സർക്കാർ നടപ്പാക്കുന്ന വ്യവസായ നയങ്ങളെ വ്യവസായ സമൂഹം അഭിനന്ദിച്ചിരുന്നു. ഏറ്റവും പുരോഗമനപരമായ വ്യവസായ നയമായിട്ടായിരുന്നു ഇത് കണക്കാക്കപ്പെട്ടിരുന്നത്. പുതിയതും പുരോഗമനപരവുമായ വ്യവസായനയം നടപ്പാക്കുന്നതിനായി സർക്കാർ ഉടൻ വ്യവസായികളുമായും എക്സ്‌പോർട്ടേഴ്‌സുമായി ചർച്ച നടത്തും. വ്യവസായ വികസനത്തിലൂടെ തൊഴിലവസരവും സാമ്പത്തിക വികസനവും വന്നുചേരും. സാമ്പത്തിക വികസനം വരുന്നതോടെ ജി.ഡി.പി. മെച്ചപ്പെടുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

നിക്ഷേപത്തിന്റെകാര്യം വരുമ്പോഴും കർണാടകം ഒന്നാം സ്ഥാനത്താണെന്നും ഇത് നമുക്കെല്ലാവർക്കും അഭിമാനമാണെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. നഗരത്തിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെന്നും ലോകത്തോട് കിടപിടിക്കുന്ന സ്ഥാപനങ്ങളാണിവയെന്നും ശിവകുമാർ പറഞ്ഞു. വികസനം ബെംഗളൂരുവിൽ മാത്രം ഒതുങ്ങാതിരിക്കാൻ സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലും വ്യവാസായവത്കരണം പ്രോത്സാഹിപ്പിക്കുമെന്നും ശിവകുമാർ പറഞ്ഞു. വ്യവസായമന്ത്രി എം.ബി. പാട്ടീൽ, എം.എൽ.എ. മാരായ റിസ്‌വാൻ അർഷാദ്, ഷാമന്നൂർ ശിവശങ്കരപ്പ, കെ. ഗോവിന്ദരാജ്, വ്യവസായവകുപ്പ് സെക്രട്ടറി ഡോ. എസ്. സെൽവകുമാർ എന്നിവർ പങ്കെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group