മംഗളൂരു: വിദ്യാർഥികളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ തയാറാക്കി പ്രദർശിപ്പിക്കുകയും സമൂഹ മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കുകയും ചെയ്ത ബാറുടമക്കെതിരെ കേസെടുത്തു.
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാർഡുമായി വരുന്ന വിദ്യാർഥിനികള്‍ക്ക് മദ്യപിക്കാനായി പ്രത്യേക പാക്കേജും ആണ്‍കുട്ടികള്‍ക്ക് 15 ശതമാനം വരെ കിഴിവും പ്രഖ്യാപിച്ച ദേരേബൈലിലെ ദ ലാല്‍ബാഗ് ഇൻ എന്ന ബാറിന്റെ ഉടമകള്‍ക്കെതിരെയാണ് എക്സൈസ് അധികൃതർ കേസെടുത്തത്. ബാറിലും സമൂഹ മാധ്യമങ്ങളിലുമായി വിദ്യാർഥികള്‍ക്ക് ഓഫർ പ്രഖ്യാപിച്ചുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട എക്സൈസ് ഡെപ്യൂട്ടി സൂപ്രണ്ട് എൻ. സൗമ്യലത ബാർ റെയ്ഡ് ചെയ്ത് പോസ്റ്റർ കണ്ടെടുത്ത് കേസ് ഫയല്‍ ചെയ്തു. വിഷയം ശ്രദ്ധയില്‍പെട്ടതോടെ പൊലീസും രംഗത്തെത്തി. പ്രായം നോക്കിയേ മദ്യം നല്‍കാവൂ എന്ന് മംഗളൂരുവിലെ എല്ലാ ബാർ-പബ് ഉടമകള്‍ക്കും നോട്ടീസ് നല്‍കിയതായി സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാള്‍ പറഞ്ഞു.