ബംഗളൂരു: വാരാണസിയിലെ ഗംഗാ ആരതി മാതൃകയില്‍ മാണ്ഡ്യ ജില്ലയില്‍ കാവേരി നദി തീരത്ത് ‘കാവേരി ആരതി’ നടത്താൻ കർണാടക സർക്കാർ.
ജലവിഭവ, ദേവസ്വം വകുപ്പുകള്‍ സംയുക്തമായാണ് സംഘടിപ്പിക്കുക. ഇരു വകുപ്പുകളുടെ മന്ത്രിമാരും ഉദ്യോഗസ്ഥരുമുള്‍പ്പെട്ട സംഘം വാരാണസി സന്ദർശിച്ച് പഠനം നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. കൃഷിമന്ത്രി എൻ. ചെലുവരായസ്വാമിക്കൊപ്പം കൃഷ്ണരാജ സാഗര (കെ.ആർ.എസ്) അണക്കെട്ട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശിവകുമാർ. പ്രത്യേകസംഘം മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ഇത് മന്ത്രിസഭ ചർച്ചചെയ്യും.
വാരാണസിയില്‍ നിന്നുള്ള വിദഗ്ധർ മാണ്ഡ്യയിലെത്തി ആരതി സംഘടിപ്പിക്കാനുള്ള സ്ഥലങ്ങള്‍ കണ്ടെത്തും. കാവേരി നദിയില്‍ ആരതി സംഘടിപ്പിക്കുന്നത് പ്രദേശത്തെ വിനോദസഞ്ചാരമേഖലക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.
അണക്കെട്ടിലേക്കെത്തുന്നത് 60,016 ക്യുസെക്സ് വെള്ളവും പുറത്തേക്കൊഴുക്കുന്നത് 52.020 ക്യുസെക്സുമാണ്. രണ്ടുവർഷത്തിനുശേഷമാണ് കെ.ആർ.എസ് അണക്കെട്ടില്‍ പരമാവധി ശേഷിക്കടുത്ത് ജലനിരപ്പെത്തുന്നത്.
ജലനിരപ്പ് ഉയർന്നതിനാല്‍ അണക്കെട്ടിലെ ബോട്ടിങ് താല്‍ക്കാലികമായി നിർത്തിവെച്ചു. ബൃന്ദാവൻ ഗാർഡന്റെ തെക്കുഭാഗത്തെ വടക്കുഭാഗവുമായി ബന്ധിപ്പിക്കുന്ന പാലവും വെള്ളത്തില്‍ മുങ്ങിയതിനാല്‍ ബൃന്ദാവൻ ഉദ്യാനത്തിന്റെ വടക്കുഭാഗത്തേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശന അനുമതിയില്ല. സംഗീത ജലധാര പ്രദർശനവും താല്‍ക്കാലികമായി നിർത്തി.