മുഡ’ അഴിമതി ആരോപണത്തില്‍ ബിജെപിയ്ക്ക് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. താന്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളയാളാണെന്ന് കണ്ട ബിജെപി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അവര്‍ക്ക് അസൂയയായെന്നും സിദ്ദരാമയ്യ കുറ്റപ്പെടുത്തി.
രാഷ്ട്രീയ കാരണങ്ങളാലാണ് ബിജെപി ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അവയെല്ലാം ഗൂഢാലോചനയാണെന്നും അത്തരം തന്ത്രങ്ങളാല്‍ താന്‍ പിന്തിരിഞ്ഞോടില്ല എന്നും സിദ്ധരാമയ്യ പറഞ്ഞു. ‘മുഡ’ ആരോപണങ്ങളില്‍ സിദ്ദരാമയ്യക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കാനിരിക്കെയായിരുന്നു മറുപടി. കേസില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ മുന്‍പേ ഉത്തരവിട്ടതാണ്. ബിജെപി ഇനിയും രാഷ്ട്രീയം കളിക്കുകയാണെങ്കില്‍ തങ്ങളും അങ്ങനെതന്നെ നേരിടുമെന്നും സിദ്ധരാമയ്യ മറുപടി നല്‍കി.
എന്നാല്‍ ബിജെപി ആരോണങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നുകൊണ്ട് സിദ്ദരാമയ്യയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ ക്രമക്കേടുകളുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 2013, 2018, 2023 തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍, 3.16 ഏക്കര്‍ ഭൂമി സംബന്ധിച്ച് ചില പൊരുത്തക്കേടുകള്‍ ഉള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2013 ലെ സത്യവാങ്മൂലത്തില്‍ ഭൂമി സിദ്ദരാമയ്യയുടെ ഭാര്യയുടെ പേരില്‍ അല്ലായിരുന്നുവെന്നും എന്നാല്‍ പിന്നീട് സമര്‍പ്പിച്ചവയില്‍ ഉടമസ്ഥാവകാശം മാറിയെന്നുമാണ് റിപ്പോര്‍ട്ട്. 2010ലാണ് സിദ്ദരാമയ്യയുടെ ഭാര്യയ്ക്ക് സഹോദരന്‍ മല്ലികാര്‍ജുന്‍ ഭൂമി സമ്മാനിച്ചത്.
അഴിമതി നടന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ അടക്കം പുറത്തുവിട്ടായിരുന്നു ബിജെപി രംഗത്തെത്തിയത്. ‘പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ള 85000 പേരാണ് പകരം ഭൂമിക്കായി അപേക്ഷ സാമര്‍പ്പിച്ചത്. എന്നാല്‍ ഇവരെയെല്ലാം തഴഞ്ഞ് സിദ്ദരാമയ്യയുടെ കുടുംബത്തിനാണ് ഭൂമി നല്‍കിയത്’; കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ പറഞ്ഞു.