ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗ പാതയിലൂടെ കുതിക്കുന്ന കേരള ആർ.ടി.സി അന്തർ സംസ്ഥാന സർവിസ് ബസുകള്‍ മൈസൂരുവില്‍ അനാവശ്യമായി നിർത്തിയിടുന്നതായി പരാതി. എക്സ്പ്രസ് ഹൈവേ വരുംമുമ്ബ് തയാറാക്കിയ ബസുകളുടെ യാത്രാസമയം അതേപടി തുടരുന്നതാണ് കാരണം.
ബംഗളൂരുവില്‍നിന്ന് രാവിലെ 10.03ന് പുറപ്പെടുന്ന കോഴിക്കോട്ടേക്കുള്ള ശീതീകൃതമല്ലാത്ത സൂപ്പർ എക്സ്പ്രസ് എയർ ബസ് അതിവേഗ പാതയിലൂടെ സഞ്ചരിച്ച് ഉച്ച 12.30ന് മൈസൂരുവില്‍ എത്തുന്നുണ്ട്. എന്നാല്‍ മൈസൂരു സബ് അർബൻ സ്റ്റാൻഡില്‍നിന്ന് 1.18നാണ് ഈ ബസ് കോഴിക്കോട് ഭാഗത്തേക്ക് യാത്ര തുടരുന്നത്. ഈ സമയം അനുസരിച്ച് സീറ്റ് റിസർവ് ചെയ്ത യാത്രക്കാർ ഉണ്ടാകുമെന്നതിനാല്‍ ബസ് നേരത്തേ പുറപ്പെടാൻ കഴിയില്ല.
ചില കണ്ടക്ടർമാർ ബംഗളൂരുവില്‍ നിന്ന് ബസ് പുറപ്പെടുമ്ബോള്‍തന്നെ മൈസൂരുവില്‍നിന്ന് കയറേണ്ട യാത്രക്കാരോട് നേരത്തേ എത്താൻ കഴിയുമോ എന്ന് അപേക്ഷിക്കാറുണ്ട്. ഈ പരീക്ഷണം വിജയിക്കുന്ന ദിവസങ്ങളില്‍ ബസ് നേരത്തേ കോഴിക്കോട് എത്തും. ഈ യാത്രയില്‍ ബസ് സുല്‍ത്താൻ ബത്തേരിയില്‍ നേരത്തേ എത്തുന്നതിനെ കണ്‍ട്രോളിങ് ഇൻസ്പെക്ടർ ചോദ്യം ചെയ്യാറുണ്ടെങ്കിലും ബസ് ഫുള്‍ ആയതിനാല്‍ തടയാറില്ല.
ബംഗളൂരു-മൈസൂരു അതിവേഗപാത നല്‍കുന്ന സമയലാഭം അനുസരിച്ച് ബസുകളുടെ യാത്രാ ഷെഡ്യൂള്‍ ക്രമീകരിക്കണമെന്ന ആവശ്യം ജീവനക്കാർ ഏറെ നാളായി ഉന്നയിക്കുന്നുണ്ടെന്ന് ഈ റൂട്ടില്‍ ഡ്യൂട്ടി ചെയ്യുന്ന കണ്ടക്ടർ പറഞ്ഞു.
ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് സീറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരാണ് ഏറെയും. മൈസൂരുവില്‍ നിന്ന് കയറി സുല്‍ത്താൻ ബത്തേരി ഇറങ്ങുന്ന യാത്രക്കാർക്ക് വേണ്ടിയാകാം പലപ്പോഴും ബംഗളൂരു-കോഴിക്കോട് യാത്രക്കാർ മൈസൂരുവില്‍ മുക്കാല്‍ മണിക്കൂറിലേറെ കാത്തുനില്‍ക്കുന്നത്. ഈ റൂട്ടില്‍ സർവിസ് നടത്തുന്ന മറ്റു ബസുകളുടെയും സമയം അതിവേഗ പാതയിലൂടെ ഗതാഗതം ആരംഭിക്കുംമുമ്ബ് തയാറാക്കിയതാണ്.