ബംഗളൂരു: ചന്നരായപട്ടണ താലൂക്കിലെ ഷെട്ടിഹള്ളി ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേർ മരിച്ചു. അരസീക്കരെ താലൂക്കിലെ നാഗേനഹള്ളി വില്ലേജിലെ എൻ.വി. മധു (35), ഭാര്യാപിതാവ് ബേലൂർ താലൂക്കിലെ ദേവിഹള്ളി ഗ്രാമത്തിലെ ജി.യു. ജവരയ്യ (65) എന്നിവരാണ് മരിച്ചത്.
മധുവിന്റെ ഭാര്യ ഗീതയെ (31) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യക്കും ഭാര്യാ പിതാവിനുമൊപ്പം ബംഗളൂരുവില്‍നിന്ന് കാറില്‍ വരികയായിരുന്നു മധു. ഷെട്ടിഹള്ളി ബൈപാസിന് സമീപം കാറിന്റെ ടയർ പഞ്ചറായി.
റോഡരികില്‍ കാർ നിർത്തി ടയർ മാറ്റുന്നതിനിടെ ബംഗളൂരു ഭാഗത്തുനിന്ന് അമിതവേഗത്തില്‍ വന്ന ലോറി കാറില്‍ ഇടിക്കുകയായിരുന്നു. മധു സംഭവസ്ഥലത്ത് മരിച്ചു. ജവരയ്യയെ നാട്ടുകാർ ചന്നരായപട്ടണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്ക് ഹാസനിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരിച്ചു. ലോറി നിർത്താതെ ഡ്രൈവർ രക്ഷപ്പെട്ടു. ചന്നരായപട്ടണ ട്രാഫിക് പൊലീസ് കേസെടുത്തു.