ബെംഗളൂരു: സംസ്ഥാനത്ത് സിനിമാതിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ ഇരുത്താൻ സർക്കാർ അനുമതി.
നാലാഴ്ചത്തേക്കാണ് അനുമതിയെന്നും സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു.
അതിനുശേഷം കോവിഡ് വ്യാപനം വർധിക്കുന്നതായി കണ്ടാൽ അനുമതി പിൻവലിക്കും. വെള്ളിയാഴ്ച മുതൽ അനുമതി പ്രാബല്യത്തിൽ വരും.
മാളുകളിലെ മൾട്ടി പ്ലക്സുകളിലും അനുമതി ബാധകമാണ്. സാനിറ്റൈസർ ഉപയോഗവും മുഖാവരണം നിർബന്ധമാക്കലും തിയേറ്ററിൽ പ്രവേശിക്കുംമുമ്പ് ശരീരോഷ്മാവ് പരിശോധിക്കലുമുൾപ്പെടെയുള്ള നിബന്ധനകളോടൊണ് അനുമതി.
പുതിയ മാർഗനിർദേശം വ്യാഴാഴ്ച പുറത്തിറക്കുമെന്നും സുധാകർ പറഞ്ഞു. തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും ഇരിക്കാനുള്ള അനുമതി കേന്ദ്രസർക്കാർ കഴിഞ്ഞ ശനിയാഴ്ച ഇറക്കിയ ഉത്തരവ് പ്രകാരം നൽകിയിരുന്നു.
പക്ഷേ, സംസ്ഥാനത്ത് തിയേറ്ററുകളിൽ പകുതി സീറ്റുകളിൽ ഇരിക്കാനാണ് സർക്കാർ കഴിഞ്ഞദിവസം അനുമതി നൽകിയത്. ഫെബ്രുവരി 28 മുതൽ ഇത് പ്രാബല്യത്തിൽ വരുത്താനായിരുന്നു നിർദേശം. ഇപ്പോഴത്തെ തീരുമാനം ഇതിൽനിന്നുള്ള പിന്മാറ്റമാണ്.