മംഗളൂരു: കോണ്‍ഗ്രസ് കണ്‍വെൻഷനില്‍ പങ്കെടുക്കാൻ വരുകയായിരുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയെ ശനിയാഴ്ച മംഗളൂരു ബൊണ്ടേലില്‍ തടയാൻ യുവമോർച്ച പ്രവർത്തകർ നടത്തിയ ശ്രമം സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസും മുഖ്യമന്ത്രിയുടെ പ്രത്യേക സുരക്ഷ വിഭാഗവും ചേർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.സഹ്യാദ്രി മൈതാനത്ത് കണ്‍വെൻഷനില്‍ പങ്കെടുക്കാൻ മംഗളൂരുവില്‍ വിമാനമിറങ്ങി
റോഡ് മാർഗം സഞ്ചരിക്കുകയായിരുന്ന മുഖ്യമന്ത്രിയുടെ കാറിന് നേരെ മംഗളൂരു ബൊണ്ടേലില്‍ അമ്ബതോളം പ്രവർത്തകർ കരിങ്കൊടികളുമായി ചാടിവീഴുകയായിരുന്നു. മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാളിന്റെ നേതൃത്വത്തില്‍ നേരത്തേ നിലയുറപ്പിച്ച പൊലീസ് പ്രതിഷേധക്കാരെ നീക്കി മുഖ്യമന്ത്രിക്ക് വഴിയൊരുക്കി.
യുവമോർച്ച നേതാക്കളും മുഖ്യമന്ത്രിയുടെ പ്രത്യേക സുരക്ഷാസേനയും തമ്മില്‍ മല്‍പിടിത്തം നടക്കുന്നുണ്ടായിരുന്നു.മംഗളൂരു ജെറോസ ഇംഗ്ലീഷ് ഹയർ പ്രൈമറി സ്കൂളില്‍ സാമുദായിക വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിച്ചതിന് ബി.ജെ.പി എം.എല്‍.എമാരായ വേദവ്യാസ് കാമത്ത്, ഡോ.വൈ. ഭരത് ഷെട്ടി എന്നിവർക്കെതിരെ പാണ്ഡേശ്വരം പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് യുവമോർച്ച പ്രക്ഷോഭം സംഘടിപ്പിച്ചത്. അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തില്‍ കയറ്റുമ്ബോഴും വാഹനത്തില്‍നിന്നും ‘ജയ് ശ്രീറാം, ജയ് ശ്രീറാം, ജയ് ശ്രീറാം’ മുദ്രാവാക്യംവിളി ഉയരുന്നുണ്ടായിരുന്നു.