ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനുമെതിരെ ട്വിറ്ററില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു. ശകുന്തള നടരാജ് എന്ന ബി.ജെ.പി പ്രവര്‍ത്തകയെയാണ് ബംഗളൂരു ഹൈഗ്രൗണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കോണ്‍ഗ്രസിന്റെ ട്വീറ്റിനെ വിമര്‍ശിക്കുന്ന ട്വീറ്റിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കുടുംബാഗങ്ങളെയും ശകുന്തള നടരാജ് വലിച്ചിഴച്ചത്. ഉഡുപ്പി കോളജിലെ ശുചിമുറിയില്‍ തമാശയ്ക്ക് വേണ്ടിയെന്ന പേരില്‍ വിദ്യാര്‍ഥിനികള്‍ മറ്റൊരു വിദ്യാര്‍ത്ഥിയുടെ വിഡിയോ റെക്കോര്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ട്വീറ്റുകള്‍.
ഉഡുപ്പി കോളജിലെ കുട്ടികളുടെ നടപടിയെ എ.ബി.വി.പി രാഷ്ട്രീയ മുതലെടുപ്പിനായി മസാല ചേര്‍ത്ത് ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് തുംകുരു സ്വദേശിനിയായ ശകുന്തള നടരാജ് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ പരാമര്‍ശിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഹനുമന്തരായയുടെ പരാതിയിലാണ് ഹൈഗ്രൗണ്ട്സ് പൊലീസ് കേസെടുത്തത്.അന്വേഷണത്തിനായി ശകുന്തളയെ പൊലീസ് കസ്റ്റഡിയിലെടുത്തു.