ബംഗളൂരു: ഹിജാബ് നിരോധനത്തിന്‍റെ പേരില്‍ ഒരു വിദ്യാര്‍ഥിനി പോലും പഠനം നിര്‍ത്തി പോയിട്ടില്ലെന്ന് കര്‍ണാടക സ്കൂള്‍ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. വന്‍ തോതില്‍ മുസ്‍ലിം വിദ്യാര്‍ഥിനികള്‍ കോളജുകളില്‍ നിന്ന് കൊഴിഞ്ഞുപോകുന്നുവെന്ന് വിവരാവകാശ കണക്കുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ അവകാശവാദം.
ഹിജാബ് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഹൈകോടതി ശരിവെച്ചത് മന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ഒന്നും വേണ്ടെന്നാണ് കര്‍ണാടക വിദ്യാഭ്യാസ നിയമം പറയുന്നത്. ഇത്രയും കാലം ഇത് അനുസരിച്ചുകൊണ്ടിരുന്ന ആറ് വിദ്യാര്‍ഥിനികള്‍ക്ക് എങ്ങനെയാണ് പെട്ടെന്ന് ഹിജാബ് ധരിക്കണമെന്ന ചിന്ത വന്നത്. ആരാണ് അവരെ പിന്തുണച്ചത്. നിയമം നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്.
ഉഡുപ്പി കോളജില്‍ മാത്രമാണ് ഇത്തരമൊരു പ്രശ്നം ഉയര്‍ന്നത്. ജില്ലയില്‍ എട്ട് കോളജുകളുണ്ട്. അവയിലൊക്കെയും ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. എന്നാല്‍, ആറ് വിദ്യാര്‍ഥിനികളല്ലാതെ മറ്റാരും നിയമത്തെ എതിര്‍ത്ത് രംഗത്ത് വന്നില്ല. ഹിജാബ് ഒരു തടസമേയല്ല. ഹിജാബിന്‍റെ പേരില്‍ ഞങ്ങളുടെ കണക്കുകള്‍ പ്രകാരം ഒരു കുട്ടിയും കോളജ് നിര്‍ത്തിപ്പോയിട്ടില്ല.
1985 മുതല്‍ തുടര്‍ന്നുവരുന്ന കര്‍ണാടകയിലെ യൂണിഫോം സംവിധാനം ബി.ജെ.പി കൊണ്ടുവന്നതല്ല. കര്‍ണാടക വിദ്യാഭ്യാസ നിയമത്തിലൂടെ നിലവില്‍ വന്നതാണ്. നിയമസഭയില്‍ ജനാധിപത്യ പ്രക്രിയയിലൂടെ നിര്‍മിക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. കുറച്ചുപേര്‍ക്ക് മാത്രം അതില്‍ നിന്ന് ഒഴിവാകാന്‍ എങ്ങനെ സാധിക്കും -മന്ത്രി ബി.സി. നാഗേഷ് ചോദിച്ചു.
അതേസമയം, വിദ്യാര്‍ഥിനികള്‍ പഠനം നിര്‍ത്തിയിട്ടില്ലെന്ന മന്ത്രിയുടെ വാദങ്ങളെ പാടെ തള്ളുന്നതാണ് പുറത്തുവരുന്ന കണക്കുകള്‍. ഹിജാബ് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ കര്‍ണാടകയിലെ കോളജുകളില്‍ നിന്ന് വലിയതോതില്‍ മുസ്‍ലിം വിദ്യാര്‍ഥിനികള്‍ കൊഴിഞ്ഞുപോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മംഗളൂരു സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ നിന്ന് മാത്രം 16 ശതമാനം മുസ്‍ലിം വിദ്യാര്‍ഥിനികള്‍ ടി.സി വാങ്ങി പോയതായി വിവരാവകാശ കണക്കുകള്‍ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിജാബ് ധരിക്കാതെ ക്ലാസിലിരിക്കാന്‍ താല്‍പര്യമില്ലാത്ത വിദ്യാര്‍ഥിനികള്‍ക്ക് ടി.സി നല്‍കുമെന്ന് ഇക്കഴിഞ്ഞ മേയില്‍ മംഗളൂരു സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. പി.എസ്. യദ്പാഥിതായ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ, വിവിധ സെമസ്റ്ററുകളിലായി ബിരുദ പഠനം നടത്തുന്ന മുസ്‍ലിം വിദ്യാര്‍ഥിനികളില്‍ 16 ശതമാനം പേര്‍ ടി.സി വാങ്ങിയതായാണ് വിവരാവകാശ ചോദ്യത്തിന് മറുപടി ലഭിച്ചത്.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ മംഗളൂരു സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ 2020-21, 2021-22 വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ 900 മുസ്‍ലിം വിദ്യാര്‍ഥിനികളില്‍ 145 പേരാണ് ടി.സി വാങ്ങി പോയത്. ഇവരില്‍ പലരും ഹിജാബ് അനുവദിക്കുന്ന മറ്റ് കോളജുകളില്‍ ചേര്‍ന്നപ്പോള്‍ മറ്റു ചിലര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ ഉയര്‍ന്ന ഫീസ് താങ്ങാനാകാതെ പഠനം അവസാനിപ്പിക്കേണ്ടിവന്നു.
കുടക് ജില്ലയില്‍ സര്‍വകലാശാലക്ക് കീഴിലെ കോളജുകളിലെ 113 മുസ്‍ലിം വിദ്യാര്‍ഥിനികളും പഠനം തുടരുന്നുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ കുടകില്‍ 10 കോളജുകളാണുള്ളത്.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലായി 39 ഗവ. കോളജുകളും 36 എയ്ഡഡ് കോളജുകളുമാണുള്ളത്. ഗവ. കോളജുകളില്‍ നിന്നാണ് കൂടുതല്‍ മുസ്‍ലിം വിദ്യാര്‍ഥിനികളും ടി.സി വാങ്ങിയത് (34 ശതമാനം). ദക്ഷിണ കന്നഡ ജില്ലയിലെ മികച്ച ഗവ. കോളജുകളിലൊന്നായ ഡോ. പി. ദയാനന്ദ പൈ-പി. സതീശ പൈ ഫസ്റ്റ് ഗ്രേഡ് കോളജില്‍ പഠിച്ച 51 മുസ്‍ലിം വിദ്യാര്‍ഥിനികളില്‍ 35 പേരും ടി.സി വാങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹാലിയംഗാടി ഗവ. കോളജ്, അജാര്‍ക്കാട് ഗവ. കോളജ് എന്നിവിടങ്ങളില്‍ നിന്നെല്ലാം വന്‍ തോതില്‍ മുസ്‍ലിം വിദ്യാര്‍ഥിനികള്‍ കൊഴിഞ്ഞുപോയിട്ടുണ്ട്. പലരും ടി.സി പോലും വാങ്ങാതെയാണ് കോളജ് പഠനം മതിയാക്കിയതെന്ന് ഹാലിയംഗാടി ഗവ. കോളജ് പ്രിന്‍സിപ്പല്‍ പറയുന്നു.
ഹിജാബ് അനുവദിക്കുന്ന സ്വകാര്യ കോളജുകളില്‍ അഡ്മിഷന്‍ നേടിയ കുട്ടികളില്‍ പലര്‍ക്കും പഠനം തുടരാനുള്ള സാങ്കേതിക തടസവുമുണ്ട്. ഗസിയ എന്ന അഞ്ചാംസെമസ്റ്റര്‍ വിദ്യാര്‍ഥി ടി.സി വാങ്ങി സ്വകാര്യ കോളജില്‍ ചേര്‍ന്നെങ്കിലും 2023ല്‍ മാത്രമേ ആറാം സെമസ്റ്റര്‍ പഠിക്കാനാകൂ.
തങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളുള്ള സ്വകാര്യ കോളജുകളില്‍ തന്നെ പ്രവേശനം ലഭിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി വിദ്യാര്‍ഥിനികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് സര്‍വകലാശാല വി.സി പ്രഫ. യാദ്പാഥിതയ പറയുന്നു. ഇത്തരം പ്രശ്നങ്ങള്‍ എളുപ്പം പരിഹരിക്കാന്‍ പ്രയാസമുള്ളതിനാല്‍ ഓപ്പണ്‍ സര്‍വകലാശാലയെ സമീപിക്കാനാണ് താന്‍ നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തേക്കാള്‍ പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസമെന്ന് ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞു.
ഹിജാബ് വിവാദത്തിന് തുടക്കംകുറിച്ച ഉപ്പിനങ്ങാടിയിലെ ഫസ്റ്റ് ഗ്രേഡ് ഗവ. കോളജില്‍ നിന്ന് ഒരു വിദ്യാര്‍ഥി പോലും പോയിട്ടില്ലെന്നാണ് വിവരാവകാശ മറുപടി ലഭിച്ചത്. എന്നാല്‍, രണ്ട് കുട്ടികള്‍ ടി.സി വാങ്ങി പോയതായി കോളജ് പ്രിന്‍സിപ്പല്‍ പിന്നീട് സമ്മതിച്ചു. കോളജുകളില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഇപ്പോള്‍ ലഭ്യമായതിനെക്കാള്‍ കൂടുതലായിരിക്കാമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്.