ബെംഗളൂരു∙ അതൃപ്തരായ മന്ത്രിമാരെ അനുനയിപ്പിക്കാൻ 4 ദിവസത്തിനിടെ ചില മന്ത്രിമാരുടെ വകുപ്പുകളിൽ വീണ്ടും മാറ്റം വരുത്തി മുഖ്യമന്ത്രി യെഡിയൂരപ്പ. തന്റെ കീഴിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാഭ്യാസം നീക്കിയതിൽ പരസ്യമായി രംഗത്തെത്തിയ ആരോഗ്യ മന്ത്രി ഡോ.സുധാകറിന് ഈ വകുപ്പു തിരികെ നൽകി. 22നു മെഡിക്കൽ വിദ്യാഭ്യാസം ജെ.സി.മധുസ്വാമിക്കു നൽകിയിരുന്നു. ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം എന്നിവ 2 മന്ത്രിമാരുടെ കീഴിലാക്കുന്നതു വാക്സിനേഷൻ ഉൾപ്പെടെ കോവിഡ് പ്രതിരോധ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നു പറഞ്ഞാണ് സുധാകർ ഇതിനെ എതിർത്തത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കര്‍ണാടക
മധുസ്വാമിക്കു പകരമായി ടൂറിസം, പരിസ്ഥിതി വകുപ്പുകൾ നൽകി. മധുസ്വാമിയിൽ നിന്നു നിയമ പാർലമെന്ററി കാര്യം ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കു നൽകിയിരുന്നു. പരിസ്ഥിതി കൈകാര്യം ചെയ്തിരുന്ന മന്ത്രി ആനന്ദ് സിങ്ങിനു ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ്, ഹജ്, വഖഫ് വകുപ്പുകൾ ലഭിച്ചു.
മന്ത്രിസഭാ വികസനത്തിന്റെ പേരിൽ യെഡിയൂരപ്പ സർക്കാരിൽ നിന്ന് ആരും രാജിവയ്ക്കില്ലെന്നു യുവജന ക്ഷേമ മന്ത്രി കെ.സി.നാരായണ ഗൗഡ പറഞ്ഞു. തനിക്കു ലഭിച്ച വകുപ്പിൽ തൃപ്തനാണ്. ബിജെപി സർക്കാരിനെ അധികാരത്തിലേറാൻ സഹായിച്ച സാമാജികരെ ഉൾപ്പെടുത്തുന്നതിനു വേണ്ടിയാണ് വകുപ്പുകളിൽ മാറ്റം വരുത്തിയതെന്നും ഗൗഡ പറഞ്ഞു.