ബെംഗളൂരു: രാജ്യത്ത് ജെഎൻ 1ഉപവകഭേദം സ്ഥഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ, വേണ്ടിവന്നാൽ കർണാടകയിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ‌് പുനരാരംഭിക്കുമെന്ന് ഉന്നതതല യോഗത്തിനു ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്നു വാക്സീൻ ലഭിക്കുന്നതിനായി കാത്തുനിൽക്കില്ലെന്നും സംസ്‌ഥാനം സ്വന്തം നിലയ്ക്ക് സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്ത് കോവിഡ് പ്രതിരോധ കുത്തിവയ്പ് നിർത്തിയിട്ട് 8 മാസമായി.പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ നിയമസഭാ ഉപസമിതിയെ നിയോഗിക്കുമെന്നും കോവിഡ് സാങ്കേതിക ഉപദേശക സമിതി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ അദ്ദേഹം അറിയിച്ചു. 2-3 ദിവസത്തിലൊരിക്കൽ ഉപസമിതി അംഗങ്ങൾ ആശുപത്രികൾ സന്ദർശിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തും.
വ്യാപനം അതിരുവിടുന്ന സാഹചര്യമുണ്ടായാൽ കോവിഡ് ചികിത്സയ്ക്കു മാത്രമായി ആശുപത്രികളെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരാഴ്‌ചയ്ക്കിടെ 3 പേർ ബെംഗളൂരുവിൽ കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നാണ് പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നത്. ആശുപത്രികളിൽ ഓക്സിജൻ, വെന്റിലേറ്റർ കിടക്കകൾ സജ്ജീകരിക്കാൻ ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ചേർന്നു പ്രവർത്തിക്കണം. ആശുപ്രതികളിൽ മുൻ വർഷങ്ങളിലേതു പോലെ ഓക്സിജൻ ക്ഷാമം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും യോഗം തീരുമാനിച്ചു.
•ഇന്നലെ മാത്രം 24 പേർക്ക് സ്ഥിരീകരിച്ചു. 23 പേരും ബെംഗളൂരുവിൽ.
• ചികിത്സയിൽ 105 പേർ
•ഇന്നലെ ആശുപത്രി വിട്ടത് 11 പേർ.
•പരിശോധന നടത്തിയത് 2263 പേരിൽ.