ബെംഗളൂരു : വിധാൻസൗധയിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാനുള്ള നിർദേശത്തിന് സർക്കാർ അനുമതിനൽകി. കെട്ടിടത്തിന്റെ ചരിത്രം, പൈതൃകം, വാസ്‌തുവിദ്യ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്‌ചകൾ ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികൾക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.നിലവിൽ സന്ദർശകർക്ക് വിധാൻസൗധയുടെ പുറത്തുനിന്ന് ഫോട്ടോയെടുക്കാൻമാത്രമേ അനുമതിയുള്ളൂ. പ്രത്യേക വ്യവസ്ഥകളോടെ വിധാൻ സൗധയിൽ ടൂർ പ്രോഗ്രാം നടപ്പാക്കാനാണ് ടൂറിസം വകുപ്പിന് അനുമതിനൽകിയിട്ടുള്ളത്.
പൊതുഅവധി ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകീട്ട് ആറിനും ഇടയിലായിരിക്കും ടൂറുകൾ നടത്തുക.വിനോദസഞ്ചാരികളെ 30 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ച് നിയുക്ത ടൂറിസ്റ്റ് ഓഫീസർമാർക്കൊപ്പം അകത്തേക്ക് വിടും. ടൂറിസം വകുപ്പ് അസിസ്റ്റന്റ്റ് ഡയറക്‌ടർ സൂപ്പർവൈസിങ് ഓഫീസറായിരിക്കും.
സന്ദർശകരെ നിയന്ത്രിക്കുന്നതിനായി ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് സോഫ്റ്റ്വെയർ ആപ്ലിക്കേഷനും വികസിപ്പിക്കും. പ്രവേശനഫീസ് താങ്ങാനാവുന്നതായിരിക്കണമെന്നും വരുമാനത്തിൻ്റെ ഒരുഭാഗം സംസ്ഥാനത്തിന്റെ നിയുക്ത അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.ഡെപ്യൂട്ടി പോലീസ് കമ്മിഷണർ (വിധാനസൗധ സെക്യൂരിറ്റി) പുറപ്പെടുവിച്ച സുരക്ഷാ പ്രോട്ടക്കോളുകൾ കർശനമായി പാലിക്കണം. സന്ദർശകർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഹാജരാക്കണമെന്നും നിർദേശമുണ്ട്.
സോഷ്യല്‍ മീഡിയ പേരിട്ടു ‘അംബാനി ഐസ്ക്രീം’; ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഐസ്ക്രീം?
ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഐസ്ക്രീം എന്ന പേരില്‍ സ്വർണ്ണം പൂശിയ ഐസ്ക്രീം വാഗ്ദാനം ചെയ്ത് വാർത്തകളില്‍ ഇടം പിടിക്കുകയാണ് ഹൈദരാബാദ് നഗരം.ഏറെ പ്രസിദ്ധമായ ‘ഹ്യൂബർ ആൻഡ് ഹോളി’ ഐസ്ക്രീം ബ്രാൻഡ് പുറത്തിറക്കിയ ഈ സ്വർണം പൂശിയ ഐസ്ക്രീം ഇപ്പോള്‍ ഓണ്‍ലൈനില്‍ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.ആരെയും മോഹിപ്പിക്കും വിധമുള്ള ഈ ഐസ്ക്രീം പ്രദർശിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇന്ത്യയിലെ ഈ ആഡംബര ഐസ്ക്രീം ചർച്ചയായത്.
1200 രൂപയാണ് ഈ ഐസ്ക്രീമിന്റെ വില. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഈ ഐസ്ക്രീമിന് നല്‍കിയിരിക്കുന്ന പേര് ‘അംബാനി ഐസ്ക്രീം’ എന്നാണ്.ഇൻസ്റ്റഗ്രാമില്‍ ഫുഡ് വ്ലോഗർ ആയി അറിയപ്പെടുന്ന ‘Foodiedaakshi’ എന്ന അക്കൗണ്ട് ആണ് ഈ ആഡംബര ഐസ്ക്രീമിന്റെ വീഡിയോ പങ്കുവെച്ചത്. ‘ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഐസ്ക്രീം’ എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.
ഐസ്ക്രീം തയ്യാറാക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഒരു കോണിനുള്ളില്‍ ചോക്ലേറ്റ് കഷണങ്ങള്‍, ലിക്വിഡ് ചോക്ലേറ്റ്, ബദാം, ചോക്ലേറ്റ് ഐസ്ക്രീമിന്റെ സ്കൂപ്പുകള്‍, പേര് വെളിപ്പെടുത്താത്ത ചില ചേരുവകള്‍, സ്വർണ്ണ ഫോയില്‍ എന്നിവയൊക്കെയാണ് ഐസ്ക്രീം നിർമ്മാണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ വിഭവം കൂടുതല്‍ രുചികരമായ ടോപ്പിംഗുകള്‍ കൊണ്ട് അലങ്കരിക്കുന്നതും വീഡിയോയില്‍ കാണാം.മാർച്ച് 6 -ന് പങ്കിട്ട പോസ്റ്റ് ഇതുവരെ 10 ദശലക്ഷത്തിലധികം ആളുകള്‍ കാണുകയും, 3,00,000 ലൈക്കുകളും, നിരവധി കമന്റുകളും നേടുകയും ചെയ്തിട്ടുണ്ട്. ‘അംബാനി ഐസ്ക്രീം’ എന്നാണ് ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഈ ഐസ്ക്രീമിനെ വിശേഷിപ്പിച്ചിരിക്കുന്നത്.