ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനതോത് കുറഞ്ഞതോടെ സ്കൂളുകൾ തുറക്കാൻ വിദഗ്ധ സമിതി നിർദേശം നൽകി. ഡോ. ദേവി ഷെട്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സർക്കാറിന് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് സംസ്ഥാനത്തെ എല്ലാ സ്കൂളുകളും തുറക്കാൻ നിർദേശിച്ചത്. ഓരോ വിദ്യാർഥിക്കും രണ്ടു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്. ഇതിലൂടെ രക്ഷിതാക്കളുടെ ആത്മവിശ്വാസം വളർത്തിയെടുക്കാമെന്നും പലവിദേശ രാജ്യങ്ങളിലും ഇത്തരത്തിൽ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമിതി റിപ്പോർട്ടിൽ പറഞ്ഞു. ലോകത്ത് എവിടെയും വിദ്യാലയങ്ങൾ കോവിഡ് വ്യാപന കേന്ദ്രങ്ങളായത് തെളിയിക്കപ്പെട്ടിട്ടില്ലെന്നും സ്കൂളുകൾ തുറക്കാൻ വൈകുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മൂന്നാം തരംഗത്തിൽ സംസ്ഥാനത്ത് 3.4 ലക്ഷം കുട്ടികളെ രോഗം ബാധിച്ചേക്കുമെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നത്.
ഈ നിർദേശ പ്രകാരം ജൂലൈ ഒന്ന് മുതൽ തെലുങ്കാനയിലെ പോലെ കർണാടകയിലും സ്കൂളുകൾ തുറന്നേക്കും