ബെംഗളൂരു: മാനന്തവാടിയിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടിയ ‘തണ്ണീർക്കൊമ്പൻ’ എന്ന ആന ബന്ദിപ്പുരിൽ ചരിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ. ആന ചരിഞ്ഞത് നിർഭാഗ്യകരമായ സംഭവമാണ്.
ഇതേപ്പറ്റി അന്വേഷിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോട്ട് വരാൻ കാത്തിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ചശേഷം ഏതെങ്കിലുംതരത്തിലുള്ള വീഴ്ചയുണ്ടായതായി കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ജനുവരി 16-ന് ഹാസനിലെ ബേലൂരിൽനിന്ന് കർണാടക വനംവകുപ്പ് പിടികൂടി പിന്നീട് മൂലഹൊള്ള വനമേഖലയിൽ തുറന്നുവിട്ട ആനയാണ് മാനന്തവാടിയിലെത്തിയത്. കൃഷിയിടത്തിലെത്തിയ ആനയെ മയക്കുവെടിവച്ച് പിടികൂടുകയായിരുന്നു.
അതേസമയം, മാനന്തവാടിയിൽനിന്ന് തണ്ണീർക്കൊമ്പനെ രാമപുര ക്യാമ്പിലെത്തിച്ചത് കേരള, കർണാടക വനംവകുപ്പുകളുടെ ഏകോപനത്തോടെയെന്ന് കർണാടക വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (പി.സി.സി.എഫ്.) സുഭാഷ് മാൽഖഡെ പറഞ്ഞു. ആൾക്കൂട്ടത്തിനിടയിൽനിന്ന് ആനയെ മയക്കുവെടിവെച്ച് പിടികൂടുന്നത് എളുപ്പമല്ലെന്നും സംഭവത്തിൽ ഉദ്യോഗസ്ഥരെ പഴിക്കാൻകഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആളുകൾ ചുറ്റും കൂടിയതും ഏറെനേരം ഒരേസ്ഥലത്ത് നിൽക്കേണ്ടിവന്നതും ആനയെ അവശനാക്കിയിരിക്കാം. ആനയെ മാറ്റുന്നതുസംബന്ധിച്ച് സാഹചര്യമനുസരിച്ച് അതത് പ്രദേശത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് തീരുമാനമെടുക്കുന്നത്. എന്താണ് സംഭവിച്ചതെന്നകാര്യത്തിൽ ഇരുസംസ്ഥാനങ്ങളിലേയും വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധിക്കും -സുഭാഷ് മാൽഖഡെ പറഞ്ഞു.