ബെംഗളൂരു: ആന്ധ്രാപ്രദേശിലെ ബസ് ദുരന്തത്തില്‍ മരിച്ച ബെംഗളൂരുവിലെ യാത്രക്കാരെ കണ്ടെത്താന്‍ കര്‍ണാടക സംഘം കര്‍ണൂലിലേക്ക് പുറപ്പെട്ടു

ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ കര്‍ണൂലിനടുത്ത് ഹൈദരാബാദ്-ബെംഗളൂരു ബസില്‍ ഉണ്ടായ തീപിടുത്തത്തില്‍ 20 പേരാണ് മരിച്ചത്. ഒഡീഷയില്‍ രജിസ്റ്റര്‍ ചെയ്ത ബസ് ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു.യാത്രയ്ക്കിടെ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് ഇന്ധന ടാങ്കിന് തീപിടിച്ചാണ് അപകടം സംഭവിച്ചത്. 41 യാത്രക്കാരാണ് സംഭവ സമയത്ത് ബസില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം. മരിച്ച 20 പേരില്‍ ബെംഗളൂരുവില്‍ താമസിക്കുന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള നാലംഗ കുടുംബവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. ദീപാവലി ആഘോഷത്തിനായി രമേശ് എന്നയാളും ഭാര്യയും രണ്ട് കുട്ടികളും സ്വന്തം നാടായ ഹൈദരാബാദിലേക്ക് പോയതായും സംഭവം നടന്നപ്പോള്‍ കുടുംബം ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ മരണത്തിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്ന് കര്‍ണാടക പൊലീസ് പറഞ്ഞു.