Home Featured തമിഴ്നാടിന് 5000 ഘനയടി വെള്ളം; കര്‍ണാടക സുപ്രീംകോടതിയില്‍

തമിഴ്നാടിന് 5000 ഘനയടി വെള്ളം; കര്‍ണാടക സുപ്രീംകോടതിയില്‍

by admin

ബംഗളൂരു: തമിഴ്നാടിന് 5000 ഘനയടി (ക്യുസെക്) വെള്ളം കര്‍ണാടക വിട്ടുനല്‍കണമെന്ന കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സി.ഡബ്ല്യു.എം.എ) നിര്‍ദേശത്തിനെതിരെ കര്‍ണാടക സുപ്രീംകോടതിയില്‍.

തിങ്കളാഴ്ച ചേര്‍ന്ന സി.ഡബ്ല്യു.എം.എ.യുടെ യോഗമാണ് അടുത്ത 15 ദിവസത്തേക്ക് നിര്‍ബന്ധമായും വെള്ളം വിട്ടുകൊടുക്കണമെന്ന് കര്‍ണാടകയോട് നിര്‍ദേശിച്ചിരുന്നത്.

ഇതനുസരിച്ച്‌ കര്‍ണാടക തമിഴ്‌നാടിന് വീണ്ടും ജലം വിട്ടുകൊടുത്തു തുടങ്ങിയിരുന്നു. ചൊവ്വാഴ്ച കെ.ആര്‍. എസ്. അണക്കെട്ടില്‍നിന്നും മാണ്ഡ്യയിലേയും ശ്രീരംഗപട്ടണയിലേയും കനാലുകളില്‍നിന്നുമാണ് വെള്ളം വിട്ടുകൊടുത്തുതുടങ്ങിയത്. 5000 ക്യുസെക് വെള്ളം കാവേരി റിസര്‍വോയറുകളില്‍നിന്ന് തമിഴ്നാടിന് നല്‍കുന്നത് അസാധ്യമായ കാര്യമാണെന്ന് കാണിച്ചാണ് കര്‍ണാടക സുപ്രീംകോടതിയെ സമീപിച്ചത്. മേക്കെദാട്ടു പദ്ധതിവഴി പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കര്‍ണാടകയുടെ പദ്ധതിക്ക് അനുമതി കിട്ടാൻ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്നാടിന് ഇത്തരത്തില്‍ വെള്ളം നല്‍കാൻ മാത്രമുള്ള ശേഷി കര്‍ണാടകക്ക് ഇല്ലെന്ന് കേന്ദ്ര ജലമന്ത്രാലയത്തെ സംസ്ഥാനം അറിയിച്ചിരുന്നു. എന്നാല്‍ അതോറിറ്റിയുടെ ഉത്തരവ് ലംഘിച്ചാല്‍ കോടതി മുമ്ബാകെ വിശദീകരണം നല്‍കേണ്ടി വരുമായിരുന്നു. ഇതിനാലാണ് കര്‍ഷകരുടെ എതിര്‍പ്പിനിടയിലും ജലം വിട്ടുകൊടുത്തതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ വരെ 2,171 ക്യുസെക് വെള്ളമാണ് കര്‍ണാടക തുറന്നുവിട്ടത്.

തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കുന്നതിനെതിരെ മൈസൂരുവില്‍ പ്രതിഷേധിച്ച കര്‍ഷകരെ പൊലീസ് നീക്കുന്നു

3,564 ക്യുസെക് വെള്ളം ശ്രീരംഗപട്ടണ താലൂക്കിലെ കെ.ആര്‍.എസ് അണക്കെട്ടില്‍നിന്ന് കനാലുകളിലേക്കും തുറന്നുവിട്ടിരുന്നു. കബില നദിയിലേക്ക് 1663 ക്യുസെക് വെള്ളം മൈസൂരു ജില്ലയിലെ എച്ച്‌.ഡി കോട്ട താലൂക്കിലെ കബനി അണക്കെട്ടില്‍നിന്നും തുറന്നുവിട്ടിട്ടുണ്ടെന്ന് കാവേരി നീരവരി നിഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൊവ്വാഴ്ചത്തെ കെ.ആര്‍.എസ് അണക്കെട്ടിലെ ജലനിരപ്പ് 7007 ക്യുസെക് ആണ്. 96.86 അടിയാണ് നിലവിലെ ജലനിരപ്പ്. 124.80 അടിയാണ് ഉയര്‍ന്ന നിരപ്പ്. കെ.ആര്‍.എസ് ഡാമില്‍നിന്ന് വെള്ളം തുറന്നുവിടുന്നത് അറിഞ്ഞ നിരവധി കര്‍ഷക സംഘടനകള്‍ സമരം നടത്തി.

റെയ്ത്ത ഹിതരക്ഷണ സമിതി പ്രവര്‍ത്തകര്‍ മാണ്ഡ്യയില്‍ അനിശ്ചിതകാല സമരം തുടങ്ങി. കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് എത്തിയ പ്രവര്‍ത്തകര്‍ ബംഗളൂരു-മൈസൂരു ദേശീയപാത അരമണിക്കൂറിലധികം ഉപരോധിച്ചു. പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. മൈസൂരു, ചാമരാജ്നഗര്‍ ജില്ലയിലും പ്രതിഷേധ സമരങ്ങള്‍ നടന്നു. അതേസമയം, സി.എം.ഡബ്ല്യു.എം.എ.യുടെ നിര്‍ദേശം തികച്ചും അശാസ്ത്രീയമാണെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തെ വരള്‍ച്ച സാഹചര്യം ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്നും മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബസവരാജ് ബൊമ്മൈ ആരോപിച്ചു. ഇരുസംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്‌. ഡി. ദേവഗൗഡ പറഞ്ഞു.

അതേസമയം, പ്രശ്‌നത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച്‌ രണ്ടുതവണ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ പ്രതികരണമൊന്നും ലഭിച്ചില്ല. ബി.ജെ.പി നേതാക്കള്‍ പ്രശ്‌നം രാഷ്ട്രീയനേട്ടത്തിനുവേണ്ടി ഉപയോഗിക്കുകയാണെന്നും ഡി.കെ. ശിവകുമാര്‍ ആരോപിച്ചു.

രാഷ്ട്രീയം മറന്ന് എം.പിമാര്‍ ശബ്ദിക്കണം -മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: തമിഴ്നാടിന് 5000 ഘനയടി വെള്ളം കര്‍ണാടക വിട്ടുനല്‍കണമെന്ന കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സി.ഡബ്ല്യു.എം.എ) നിര്‍ദേശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ കേന്ദ്രമന്ത്രിമാരുമായും എം.പിമാരുമായും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി.

കാവേരി നദിയില്‍നിന്ന് ഇനിയും വെള്ളം നല്‍കാൻ കഴിയില്ലെന്നും കര്‍ണാടകയില്‍നിന്നുള്ള എം.പിമാര്‍ രാഷ്ട്രീയം മറന്ന് ഇക്കാര്യത്തില്‍ ഒരുമിച്ച്‌നിന്ന് ശബ്ദമുയര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന ജല മന്ത്രി കൂടിയായ ഡി.കെ. ശിവകുമാര്‍ കേന്ദ്ര ജല ശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group