ബംഗളുരു: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഫാസിസവും അവയ്ക്കെതിരെ മഹാത്മാഗാന്ധി നിര്‍ദ്ദേശിച്ച പരിഹാരവും എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കാനൊരുങ്ങി കര്‍ണാടക.
ഇക്കാര്യം നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയ്ക്ക് കത്തെഴുതി.
ആറാം ക്ലാസ്സു മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് ഉപന്യാസ മത്സരം സംഘടിപ്പിക്കേണ്ടതെന്ന് സിദ്ധരാമയ്യ പറഞ്ഞു. പരീക്ഷാക്കാലമായതിനാല്‍ 10, 12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെ ഇക്കൂട്ടത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
’21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളും മഹാത്മാഗാന്ധി നിര്‍ദ്ദേശിച്ച പരിഹാരങ്ങളും’ എന്ന വിഷയത്തിലാണ് ഉപന്യാസ മത്സരം സംഘടിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
“രാഷ്ട്രപിതാവായ ഗാന്ധിജി കൊല്ലപ്പെട്ടിട്ട് ഏഴരപ്പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. തന്റെ ജീവിതത്തിലുടനീളം സമാധാനം, അഹിംസ, സത്യസന്ധത, വികേന്ദ്രീകരണം, സാമൂഹിക നീതി, എന്നിവ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ജീവിച്ചത്. രാജ്യത്തെ വൈവിധ്യം നിലനിര്‍ത്തുന്നതിന് അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നു. ഒരു ഗൂഢാലോചനയുടെ ഭാഗമായി അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു,” എന്ന് സിദ്ധരാമയ്യ കത്തില്‍ പറഞ്ഞു.
” ഗാന്ധിജി കൊല്ലപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്കി മുന്നോട്ട് പോകാനാണ് രാജ്യം ശ്രമിച്ചത്. എന്നാല്‍ ചില ശക്തികള്‍ അക്രമവും, വിദ്വേഷവും സമൂഹത്തില്‍ പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ദളിതരുടെയും സ്ത്രീകളുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ അവര്‍ നിഷേധിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകാത്ത ഈ ശക്തികള്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങളെ ഇല്ലാതാക്കുകയാണ്,” സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
“വലിയൊരു വിഭാഗം ഭാഷ സംസാരിക്കുന്നവര്‍ ചെറിയ വിഭാഗം ഭാഷ സംസാരിക്കുന്ന ആളുകളെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഏതൊരു സമൂഹത്തിന്റെയും ഭാഷ നഷ്ടപ്പെട്ടാല്‍ അവയുടെ അസ്തിത്വം നഷ്ടപ്പെടുമെന്ന കാര്യം കാലങ്ങളായി സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്,” സിദ്ധരാമയ്യ പറഞ്ഞു.
ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ പരിഹാരങ്ങളുണ്ട് എന്നും സിദ്ധരാമയ്യ പറഞ്ഞു. ഈയൊരു സാഹചര്യത്തിലാണ് ഇങ്ങനെയൊരു വിഷയത്തില്‍ ഉപന്യാസ മത്സരം സംഘചിപ്പിക്കുന്നത്. ഇതിലൂടെ ഗാന്ധിജിയെപ്പറ്റി കൂടുതല്‍ അറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം തന്റെ കത്തില്‍ പറഞ്ഞു. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
“ഉപന്യാസ മത്സരത്തിലെ വിജയികള്‍ക്ക് അര്‍ഹിക്കുന്ന സമ്മാനം നല്‍കണം. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കണം. ഈ നിര്‍ദ്ദേശത്തില്‍ കൃത്യമായ പദ്ധതി തയ്യാറാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,” എന്നാണ് സിദ്ധരാമയ്യയുടെ കത്തില്‍ പറയുന്നത്.