ബംഗളൂരു: മഹാരാഷ്ട്രയില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയെന്ന് വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും കേരളത്തില്‍നിന്നുള്ളവരുടെ കാര്യത്തില്‍ അവ്യക്തത തുടരുന്നു. നേരത്തെ കേരളത്തില്‍നിന്നും വരുന്നവര്‍ക്കും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയെന്ന രീതിയില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിച്ചിരുന്നെങ്കിലും കേരളത്തോട് ചേര്‍ന്നുള്ള കര്‍ണാടകയിലെ അതിര്‍ത്തി ജില്ലകളില്‍ കഴിഞ്ഞ ദിവസം മുതല്‍ പരിശോധന കര്‍ശനമാക്കുകയായിരുന്നു.
കുടക്, ചാമരാജ്നഗര്‍, ദക്ഷിണ കന്നട ജില്ലകളിലെ കേരള അതിര്‍ത്തിയില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയാണ് പ്രവേശിപ്പിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ സാമ്ബിള്‍ ശേഖരിക്കാനുള്ള സൗകര്യം ഉള്‍പ്പെടെ പലയിടത്തും ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനുള്ള സര്‍ക്കാരിെന്‍റ നിര്‍ദേശ പ്രകാരമാണ് നടപടികളെന്നാണ് അതാത് ജില്ല ഭരണകൂടങ്ങളുടെ വിശദീകരണം. അതേസമയം, മഹാരാഷ്ട്രയിലെ നിലവിലെ സാഹചര്യം തൃപ്തികരമായതിനാലാണ് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അതല്ലെങ്കില്‍ ഒരു ഡോസ് വാക്സിന്‍ എങ്കിലും സ്വീകരിച്ചതിെന്‍റ സര്‍ട്ടിഫിക്കറ്റോ കാണിച്ചാല്‍ മതിയെന്ന് ഉത്തരവിറക്കിയതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച് ഒൗദ്യോഗിക ഉത്തരവിറക്കിയത്. കേരളത്തില്‍ കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് കുറയാത്തതാണ് ഇപ്പോഴും ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിബന്ധന കര്‍ശനമായി നടപ്പാക്കുന്നതെന്നാണ് വിവരം. കേരളത്തില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്ന മുന്‍ മാര്‍ഗനിര്‍ദേശമാണ് ഇപ്പോള്‍ വീണ്ടും കര്‍ശനമായി നടപ്പാക്കി തുടങ്ങിയത്. കേരളത്തില്‍നിന്നുള്ളവര്‍ക്കുള്ള യാത്ര മാര്‍ഗനിര്‍ദേശത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ചാമരാജ് നഗറിലെ മൂലഹോളെ, കുടക് അതിര്‍ത്തിയിലെ മാക്കൂട്ടം, ദക്ഷിണ കന്നടയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള അതിര്‍ത്തികളിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കുന്നുണ്ട്. അതേസമയം, വാളയാര്‍ അതിര്‍ത്തിയിലൂടെ സേലം വഴി ബംഗളൂരുവിലേക്ക് ഉള്‍പ്പെടെ വരുന്നവര്‍ക്ക് കാര്യമായ പരിശോധനയില്ല. മഹാരാഷ്ട്രയില്‍നിന്ന് കര്‍ണാടകയിലേക്ക് വിമാനം, ബസ്, ട്രെയിന്‍, ടാക്സി, സ്വകാര്യ വാഹനങ്ങള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ എത്തുന്നവര്‍ക്കാണ് പുതുക്കിയ ഉത്തരവ് ബാധകമാകുക. ഇതുസംബന്ധിച്ച നിര്‍ദേശം വിമാന കമ്ബനികള്‍ക്കും റെയില്‍വെ അധികൃതര്‍ക്കും സര്‍ക്കാര്‍ നല്‍കി. ബസില്‍ യാത്ര ചെയ്യുന്നവരുടെ സര്‍ട്ടിഫിക്കറ്റ് കണ്ടക്ടര്‍മാര്‍ പരിശോധിക്കും.
മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ബെളഗാവി, ബീദര്‍, വിജയപുര, കലബുറഗി ജില്ലകളിലെ ചെക്ക്പോസ്റ്റുകളില്‍ പരിശോധന നടത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭരണഘടന പദവി വഹിക്കുന്നവര്‍ക്കും രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്കും ഉത്തരവ് ബാധകമായിരിക്കില്ല. ചികിത്സ, മരണം തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്ക് എത്തുന്നവരുടെ സാമ്ബിള്‍ സംസ്ഥാനത്ത് എത്തിയശേഷം ശേഖരിക്കും.