ബെംഗളൂരു : കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയിൽ കോവിഡ് കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു . കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും കർണാടകയിലേക്ക് വരുന്ന കോവിഡ് വാക്സിൻ 2 ഡോസ് സ്വീകരിച്ചവർ ഉൾപ്പെടെയുള്ള എല്ലാ യാത്രക്കാർക്കും 72 മണിക്കൂറിനുള്ളിൽ ആർ ടി പി സി ആർ പരിശോധന നടത്തിയതിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
നേരത്തെ ഇറക്കിയ ഉത്തരവിൽ ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ മതിയെന്നായിരുന്നു നിർദേശം. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കുടുംബ ആരോഗ്യ ക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജാവേദ് അക്തറാണ് പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ബസ്, ട്രെയിൻ, മറ്റു വാഹനങ്ങൾ എന്നിവ വഴി സംസ്ഥാനത്തേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ഇത് ബാധകമെന്ന് ഉത്തരവിൽ പറയുന്നു.
പ്രധാന നിർദ്ദേശങ്ങൾ വായിക്കാം
- കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും കർണാടകയിലേക്ക് വരുന്ന യാത്രക്കാർക്ക് രണ്ട് ഡോസ് വാക്സിൻ എടുത്തെങ്കിലും ഇല്ലെങ്കിലും 72 മണിക്കൂറിനകം ചെയ്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
- വിമാനം , ട്രെയിൻ ,റോഡ് ( ബസ്/സ്വന്തം വാഹനം) വഴി കർണാടകയിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാർക്കും മുകളിൽ നൽകിയ നിർദ്ദേശം ബാധകമാണ്
- 72 മണിക്കൂറിനുള്ളിൽ ചെയ്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് മാത്രമേ എയർ പോർട്ടിൽ ബോർഡിംഗ് പാസ് ലഭിക്കുകയുള്ളൂ.
- ട്രെയിൻ വഴി യാത്ര ചെയ്യുന്ന എല്ലാവരും ആർടി പി സി ആർ നെഗറ്റീവ് ഉള്ളവരാണെന്ന് ഉറപ്പു വരുത്തേണ്ട ചുമതല റെയിൽവേ അധികൃതർക്കാണ്.
- ബസ് വഴി യാത്ര ചെയ്യുന്ന യാത്രികൾ കോവിഡ് ഗൈറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരാണെന്ന് അതാത് ബസിലെ കണ്ടക്ടർമാർ ഉറപ്പു വരുത്തേണ്ടതാണ്
- കേരളത്തിൽ നിന്നും കർണാടകയിലേക്ക് വിദ്യാഭ്യാസം ,ഓഫീസ് , വ്യാപാരം എന്നീ ആവശ്വങ്ങൾക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവർ 15 ദിവസം കൂടുമ്പോൾ ചെയ്ത ആടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം.
- കേരള കർണാടക അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടക്, മൈസൂർ, മഹാരാഷ്ട്ര കർണാടക അതിർത്തി ജില്ലകളായ ബളഗാവി, വിജയപുര, കൽബുർഗി, ബിദർ വഴി കർണാടകയിലേക്ക് പ്രവേശിക്കുന്ന വാഹനത്തിൽ ( സഹായി,ഡ്രൈവർ ,യാത്രക്കാർ ) എന്നിവർക്ക് മുകളിൽ സൂചിരിച്ച നിയമങ്ങൾ ഏർപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ലാധിക്കാരികൾക്കാണ് ചുമതല.