Home Featured ജോലി-ജീവിത സന്തുലിതാവസ്ഥ അവകാശം’; മാര്‍ച്ച് 9ന് ഐടി ജീവനക്കാരുടെ ഭീമന്‍ പ്രതിഷേധം

ജോലി-ജീവിത സന്തുലിതാവസ്ഥ അവകാശം’; മാര്‍ച്ച് 9ന് ഐടി ജീവനക്കാരുടെ ഭീമന്‍ പ്രതിഷേധം

by admin

ബെംഗളൂരു: ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവില്‍ ഐടി രംഗത്തെ തൊഴില്‍ ചൂഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് മാര്‍ച്ച് 9ന് ഐടി ജീവനക്കാരുടെ ഭീമന്‍ പ്രതിഷേധം. കര്‍ണാടക ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയനാണ് (KITU) ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ മാര്‍ച്ച് 9ന് പ്രതിഷേധ ധര്‍ണ്ണയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഐടി രംഗത്തെ ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണം, ജോലി-ജീവിത സന്തുലിതാവസ്ഥ എല്ലാ തൊഴിലാളികളുടെയും അവകാശമാണ് എന്നീ പ്രധാന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രതിഷേധമെന്ന് ദി ഇന്ത്യന്‍ എക്സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ആരോഗ്യകരമായ ജോലി-ജീവിത സന്തുലിതാവസ്ഥ എല്ലാ തൊഴിലാളികളുടെയും അവകാശമാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ബെംഗളൂരുവില്‍ Karnataka State IT/ITeS Employees Union പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തൊഴിലാളികളുടെ ജോലിസമയം ഉയര്‍ത്താന്‍ കര്‍ണാടക സര്‍ക്കാരും ഐടി രംഗത്തെ കോര്‍പ്പറേറ്റ് ഭീമന്‍മാരും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ബെംഗളൂരുവില്‍ ശക്തമായ പ്രതിഷേധത്തിന് ഐടി തൊഴിലാളി സംഘടന മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ഐടി മേഖലയില്‍ ജോലിസമയം 14 മണിക്കൂറായി ഉയര്‍ത്താന്‍ കര്‍ണാടക സര്‍ക്കാര്‍ 2024ല്‍ ഭേദഗതിക്ക് ഒരുങ്ങിയത് വ്യാപക വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. കര്‍ണാടക ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയന്‍റെ അടക്കമുള്ള ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഭേദഗതി നീക്കം കര്‍ണാടക സര്‍ക്കാരിന് പിന്നീട് മരവിപ്പിക്കേണ്ടിവന്നു. ഈ ഭേദഗതി ബില്‍ പൂര്‍ണമായും കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കര്‍ണാടക ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയന്‍ ആവശ്യപ്പെടുന്നു.

പ്രാതിനിധ്യത്തിലും ശമ്പളത്തിലുമടക്കം തൊഴിലിടങ്ങളില്‍ വനിതകള്‍ നേരിടുന്ന വിവേചനം ഇല്ലാതാക്കണമെന്നതാണ് കര്‍ണാടക ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയന്‍ മാര്‍ച്ച് 9-ലെ പ്രതിഷേധത്തില്‍ മുന്നോട്ടുവെക്കുന്ന മറ്റൊരു പ്രധാന ആവശ്യം. കര്‍ണാടക സര്‍ക്കാര്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതിക്ക് ശ്രമം തുടങ്ങിയ അന്ന് മുതല്‍, ഐടി രംഗത്തെ തൊഴില്‍ ചൂഷണം അവസാനിപ്പിക്കാന്‍ വിവിധ ബോധവല്‍ക്കരണ, പ്രതിഷേധ പരിപാടികളാണ് Karnataka State IT/ITeS Employees Union നടത്തിവരുന്നത്. ട്രാഫിക് സിഗ്നലുകള്‍ മുതല്‍ ഐടി പാര്‍ക്കുകള്‍ വരെ ഈ ക്യാംപയിന്‍ നീളുന്നു. മാര്‍ച്ച് 9ന് ഉച്ചകഴിഞ്ഞ് 2.30ന് ഫ്രീഡം പാര്‍ക്കില്‍ ബെംഗളൂരുവിലെ ഐടി തൊഴിലാളികളുടെ പ്രതിഷേധ പരിപാടി ആരംഭിക്കും.

ജോലിസമയം വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ല: ഇന്‍ഫോസിസ് സഹസ്ഥാപകനായ നാരായണ മൂര്‍ത്തിയും, എല്‍ ആന്‍ഡ് ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എസ് എന്‍ സുബ്രഹ്മണ്യനും ജീവനക്കാര്‍ കൂടുതല്‍ നേരം തൊഴില്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. അഞ്ച് ദിവസം ജോലി രണ്ട് ദിവസം അവധി എന്ന സമ്പ്രദായത്തില്‍ തനിക്ക് നിരാശയുണ്ടെന്ന നാരായണ മൂര്‍ത്തിയുടെ നിലപാട് വിമര്‍ശനങ്ങളേറെ നേരിട്ടു. അതേസമയം, ഞായറാഴ്‌ച അടക്കം ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യാനായിരുന്നു എൽ ആന്‍റ് ടി ചെയർമാൻ എസ് എൻ സുബ്രഹ്മണ്യന്‍റെ വിവാദ നിര്‍ദേശം. ആവശ്യമെങ്കിൽ ഞായറാഴ്ചത്തെ അവധി ഉപേക്ഷിച്ചും ജോലിക്കെത്തണമെന്ന് ജീവനക്കാരോട് സുബ്രഹ്മണ്യന്‍ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group