Home Featured ഓണ്‍ലൈൻ, ഓഫ്ലൈൻ ടാക്സി നിരക്കുകള്‍ ഏകീകരിച്ച്‌ കര്‍ണാടക

ഓണ്‍ലൈൻ, ഓഫ്ലൈൻ ടാക്സി നിരക്കുകള്‍ ഏകീകരിച്ച്‌ കര്‍ണാടക

by admin

ബംഗളൂരു: കർണാടകയില്‍ ഓണ്‍ലെൻ, ഓഫ് ലൈൻ ടാക്സി സർവിസ് നിരക്ക് ഏകീകരിച്ചു. ശനിയാഴ്ച ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയ ഗതാഗത വകുപ്പ്, പുതിയ നിരക്ക് ഉടൻ പ്രാബല്യത്തില്‍ വന്നതായി വ്യക്തമാക്കി.

ഇതോടെ ആപ് ഉപയോഗിച്ച്‌ സർവിസ് നടത്തുന്ന ഊബർ, ഒല, നമ്മ യാത്രി പോലെയുള്ള ഓണ്‍ലൈൻ ടാക്സികളുടെയും സാധാരണ സർവിസ് നടത്തുന്ന ടാക്സികളുടെയും യാത്രാനിരക്ക് ഒന്നാവും. കർണാടക സംസ്ഥാനത്ത് മുഴുവൻ പുതിയ ഉത്തരവ് ബാധകമാണെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.

മുമ്ബ് ഓണ്‍ലൈൻ ടാക്സികളുടെയും ഓഫ്ലൈൻ ടാക്സികളുടെയും യാത്രാ നിരക്കില്‍ വ്യത്യാസമുണ്ടായിരുന്നു. ഓണ്‍ലൈൻ ടാക്സികള്‍ക്ക് പ്രിയമേറിയതോടെ ഓഫ്ലൈൻ ടാക്സികള്‍ക്ക് സർവിസുകള്‍ കുറഞ്ഞിരുന്നു. ഇതുസംബന്ധിച്ച്‌ പലതവണ ടാക്സി തൊഴിലാളി യൂനിയനുകള്‍ സമരം നടത്തുകയും സർക്കാറിന് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

എല്ലാ തരം ടാക്സികളുടെയും നിരക്ക് ഏകീകരിക്കണമെന്നായിരുന്നു ആവശ്യം. ഇതാണ് ഇപ്പോള്‍ നടപ്പായത്. നേരത്തെ രണ്ടു കാറ്റഗറികളിലായാണ് ടാക്സി നിരക്ക് നിശ്ചയിച്ചിരുന്നത്. പുതിയ ഉത്തരവ് പ്രകാരം, വാഹനത്തിന്‍റെ വില കണക്കിലെടുത്ത് ഇത് മൂന്നു കാറ്റഗറികളിലേക്ക് മാറും. 10 ലക്ഷത്തിന് താഴെ വിലയുള്ള വാഹനങ്ങള്‍ ഒരു കാറ്റഗറിയിലാണുള്ളത്. ഇവക്ക് മിനിമം നിരക്കായി 100 രൂപ നിശ്ചയിച്ചു. നാലു കിലോമീറ്റർ വരെ ഈ നിരക്കാണ് ഈടാക്കുക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 24 രൂപ വീതം ഈടാക്കും.

10 ലക്ഷം മുതല്‍ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങളാണ് രണ്ടാം കാറ്റഗറിയില്‍ ഉള്‍പ്പെടുക. ഇവക്ക് 115 രൂപയാണ് മിനിമം നിരക്ക്. നാലുകിലോമീറ്റർ വരെ ഇതേ ചാർജ് ഈടാക്കും. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 28 രൂപയും നല്‍കണം. 15 ലക്ഷത്തിന് മുകളില്‍ വിലവരുന്ന വാഹനങ്ങള്‍ക്ക് നാലു കിലോമീറ്ററിന് ചുരുങ്ങിയത് 130 രൂപയാണ് നിരക്ക്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 32 രൂപ വീതം അധികം നല്‍കണം. നിശ്ചയിച്ച നിരക്കില്‍ അധികതുക ഒരു ടാക്സി സർവിസുകാരും ഈടാക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.

ടാക്സികളുടെ വെയിറ്റിങ് ചാർജും നിശ്ചയിച്ചിട്ടുണ്ട്. അഞ്ചു മിനിറ്റ് വരെ വെയിറ്റിങ് ചാർജ് സൗജന്യമാണ്. പിന്നീടുള്ള ഓരോ മിനിറ്റിനും ഓരോ രൂപ വീതം യാത്രക്കാരൻ അധികം നല്‍കണം. ഇതിനു പുറമെ, ആപ് അടിസ്ഥാനത്തിലുള്ള ഓണ്‍ലൈൻ ടാക്സികള്‍ക്ക് അഞ്ചു ശതമാനം ജി.എസ്.ടി തുക യാത്രക്കാരനില്‍നിന്ന് ഈടാക്കാം.

ടോള്‍ പ്ലാസ വഴി കടന്നുപോകുന്നുണ്ടെങ്കില്‍ ടോള്‍ ചാർജും ഈടാക്കാം. അർധരാത്രി 12 മുതല്‍ പുലർച്ച ആറുവരെയുള്ള സമയത്ത് ടാക്സി ബുക്ക് ചെയ്യുന്നവരില്‍നിന്ന് 10 ശതമാനം അധിക ചാർജും ഈടാക്കാമെന്ന് ഗതാഗത വകുപ്പിന്‍റെ പുതിയ ഉത്തരവില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group