Home Featured ഐരാവത് ക്ലബ് ക്ലാസ് 2.0: കർണാടക ആർ.ടി.സി. പുതിയ വോൾവൊ ബസുകൾ പുറത്തിറക്കി

ഐരാവത് ക്ലബ് ക്ലാസ് 2.0: കർണാടക ആർ.ടി.സി. പുതിയ വോൾവൊ ബസുകൾ പുറത്തിറക്കി

by admin

ബെംഗളൂരു : ‘ഐരാവത് ക്ലബ് ക്ലാസ് 2.0’എന്ന പേരിൽ കർണാടക ആർ.ടി.സി. 20 പുതിയ വോൾവൊ ബസുകൾ പുറത്തിറക്കി. കോഴിക്കോട്, കാസർകോട് ഉൾപ്പെടെ പത്തുസ്ഥലങ്ങളിലേക്കാകും പുതിയ ബസുകൾ സർവീസ് നടത്തുക. വിധാൻ സൗധയ്ക്ക് മുൻപിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി എന്നിവർ ചേർന്ന് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. 1.78 കോടി രൂപയാണ് ഒരു ബസിന്റെ വില. നിലവിലുള്ള ഐരാവത് ക്ലബ് ക്ലാസ് ബസുകളുടെ പരിഷ്കരിച്ച പതിപ്പാണ് ഐരാവത് ക്ലബ് ക്ലാസ് 2.0. 20 ‘ഐരാവത് ക്ലബ് ക്ലാസ് 2.0’ ബസുകൾ വന്നതോടെ രാജ്യത്ത് ഏറ്റവും അധികം ഇൻ്റർസിറ്റി വോൾവോ ബസുകളുള്ള കോർപ്പറേഷനെന്ന നേട്ടത്തിലെത്തി കർണാടക ആർ.ടി.സി. കർണാടക ആർ.ടി.സി. നിലവിൽ 443 ആഡംബര ബസുകളുൾപ്പെടെ 8,849 ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ദിവസേന 35 ലക്ഷത്തോളം ആളുകൾ കർണാടക ആർ.ടി.സി. ബസുകൾ ഉപയോഗിക്കുന്നുണ്ട്.അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും മികച്ച സൗകര്യങ്ങളും ഈ ബസിൻ്റെ പ്രത്യേകതയാണ്. ഫയർ അലാറാം ആൻഡ് പ്രൊട്ടക്‌ഷൻ സിസ്റ്റം (എഫ്.എ.പി.എസ്.) ഉൾപ്പെടെ ഒട്ടേറെ സുരക്ഷാ സംവിധാനങ്ങൾ ബസിലുണ്ട്. തീപ്പിടിത്തമുണ്ടായാൽ സീറ്റിന്റെ ഇരുവശത്തുമുള്ള വാട്ടർ പൈപ്പുകളിലൂടെ വെള്ളം പുറത്തുവിടാൻ സാധിക്കുന്ന വിധത്തിലാണ് എഫ്.എ.പി.എസ്. സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കും മെച്ചപ്പെട്ട സേവനത്തിനുമുള്ള കെ.എസ്.ആർ.ടി.സി.യുടെപ്രതിജ്ഞാബദ്ധതയാണ് ഈ സംവിധാനം പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.

കൂടുതൽ സൗകര്യം:യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് രൂപകല്പന ചെയ്‌തിരിക്കുന്ന ബസിന് 15 മീറ്ററാണ് നീളം. 3.5 ശതമാനം അധികം ലെഗ്റൂമും 5.6 ശതമാനം അധികം ഹെഡ് റൂമും ഉണ്ട്. ജനൽച്ചില്ലുകളും വലുതാണ്. ലഗേജ് വെക്കുന്നതിന് 20 ശതമാനം അധികം സ്ഥലവും ഒരുക്കിയിട്ടുണ്ട്. സ്‌കാൻഡിനേവിയൻ പ്രചോദനമുൾക്കൊണ്ടുള്ള എക്സ്റ്റീരിയറും ഇന്ധനക്ഷമതയുള്ള രൂപകല്പനയും ശ്രദ്ധേയമാണ്.ബെംഗളൂരുവിൽനിന്ന് കോഴിക്കോട്, കാസർകോട്, റായ്ച്‌ചൂരു, മന്ത്രാലയ, കുന്ദാപുര, ഗോവ, ശിവമോഗ, മൈസൂരു, ഹൈദരാബാദ്, തിരുപ്പതി എന്നിവിടങ്ങളിലേക്കാകും ഈ ബസുകൾ സർവീസ് നടത്തുക.

You may also like

error: Content is protected !!
Join Our WhatsApp Group