ബെംഗളൂരു: ദീപാവലി അവധിക്കാല യാത്രാത്തിരക്ക് കുറയ്ക്കാനായി കേരളത്തിലേക്ക് 18 പ്രത്യേക ബസുകൾ സർവീസിനയക്കാനൊരുങ്ങി കർണാടക ആർടിസി. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, മൂന്നാർ, എറണാകുളം, കാസർകോട് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസ് അയക്കുന്നത്. ഒക്ടോബർ 17, 18 തീയതികളിലായിരിക്കും സർവീസുകൾ. ഒക്ടോബർ 20-നാണ് ഇത്തവണ ദീപാവലി ആഘോഷം. 17-ന്മൂന്നാറിന് ഒരു ബസും പാലക്കാട്ടേക്ക് ഏഴ് ബസും എറണാകുളത്തേക്ക് രണ്ട് ബസും കോഴിക്കോട്ടേക്ക് ഒരു ബസും പ്രത്യേക സർവീസ് നടത്തും.കേരളത്തിലേക്കുള്ളതിന് പുറമേ ചെന്നൈ, കോയമ്പത്തൂർ, മധുര, ഹൈദരാബാദ്, തിരുപ്പതി, വിജയവാഡ എന്നിവിടങ്ങളിലേക്കും പ്രത്യേക ബസുകൾ അനുദിച്ചിട്ടുണ്ട്. കർണാടകത്തിനകത്ത് ധർമസ്ഥല, മംഗളൂരു, ഹുബ്ബള്ളി, ബെലഗാവി, കലബുറഗി, ബല്ലാരി തുടങ്ങിയ കേന്ദ്രങ്ങളിലേക്കും പ്രത്യേക ബസുകൾ ഉണ്ടാകും.