കാസർകോട് വിദ്യാർഥിനിക്ക് നേരെ ബസിനുള്ളിൽ അതിക്രമം. കർണാടക ആർടിസി ബസ് കണ്ടക്ടറാണ് കോളജിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെ അതിക്രമം നടത്തി റോഡിൽ ഇറക്കിവിട്ടത്. വിദ്യാർഥിനിയുടെ പരാതിയിൽ കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് നിന്ന് മംഗളൂരുവിലെ കോളജിലേക്ക് പോയ വിദ്യാർത്ഥിനിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. മഞ്ചേശ്വരം സ്വദേശിയായ യുവതിയോട് കർണാടക ആർടിസി ബസ് കണ്ടക്ടർ മോശമായി പെരുമാറിയ എന്നാണ് പരാതി. മോശമായി സ്പർശിച്ചു, ചോദ്യം ചെയ്തപ്പോൾ അസഭ്യവർഷം. പിന്നാലെ പെൺകുട്ടിയെ നടുറോട്ടിൽ ഇറക്കിവിടുകയായിരുന്നു.
ദിവസങ്ങൾക്കു മുമ്പ് ഇതേ കണ്ടക്ടറുടെ ഭാഗത്തുനിന്ന് മോശം അനുഭവം ഉണ്ടായതായി പെൺകുട്ടി പറയുന്നുണ്ട്. പരീക്ഷ എഴുതാനായി കോളജിലേക്ക് പോയ യുവതിയാണ് റോഡിൽ ഇറക്കി വിട്ടത് മൂലം ദുരിതത്തിലായത്. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് ബസ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിരിക്കുന്നത്.