ബംഗളൂരു: കര്‍ണാടകയിലെ രാമനഗരം ജില്ലയുടെ പേര് മാറ്റി സര്‍ക്കാര്‍.ഇനി മുതല്‍ ബംഗളൂരു സൗത്ത് ജില്ല എന്നായിരിക്കും പേര്. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. എന്നാല്‍, ജില്ലാ ആസ്ഥാനത്തിന്റെ പേര് രാമനഗരം എന്നായിരിക്കും. പേരുമാറ്റലിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. കേന്ദ്രം എതിര്‍ത്താല്‍ നിയമപരമായി നേരിടാനാണ് തീരുമാനം.2023ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ ഡി കെ ശിവകുമാറാണ് ജില്ലയുടെ പേര് മാറ്റണമെന്ന് ശുപാര്‍ശ ചെയ്തത്. ബംഗളൂരു റൂറലും രാമനഗരവും അവിഭക്ത ബംഗളൂരുവിന്റെ ഭാഗമായിരുന്നു എന്നാണ് ഇതിന് കാരണമായി ശിവകുമാര്‍ ചൂണ്ടിക്കാട്ടിയത്.
കേന്ദ്രസര്‍ക്കാര്‍ എന്‍ഒസി നല്‍കിയിട്ടില്ലെങ്കിലും പേര് മാറ്റാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമുണ്ടെന്ന് ശിവകുമാര്‍ പറഞ്ഞു. ഭരണഘടനയിലെ സ്റ്റേറ്റ് ലിസ്റ്റിലെ 18ാം അനുഛേദം ഭൂമിയുടെ അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. റെവന്യു സംസ്ഥാനത്തിന് കീഴിലാണ് വരുന്നത്. കര്‍ണാടക ലാന്‍ഡ് റെവന്യു ആക്ടിലെ നാലാം വകുപ്പ് വിവിധ സോണുകളുടെയും താലൂക്കുകളുടെയും പേര് മാറ്റാനും ജില്ലകള്‍ രൂപീകരിക്കാനും ഇല്ലാതാക്കാനും പേരുമാറ്റാനും സംസ്ഥാനസര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. രാമനഗരത്തിന്റെ പേര് മാറ്റാന്‍ അനുവദിക്കണമെന്ന് 2024 ജൂലൈയില്‍ കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനോട് പോസിറ്റാവായല്ല കേന്ദ്രം പ്രതികരിച്ചത്. തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ അധികാരം ഉപയോഗിക്കാന്‍ തീരുമാനിച്ചത്.
ഗൂഡല്ലൂരില്‍ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചുകൊന്ന് ഭാര്യ
ഗൂഡല്ലൂരില്‍ വാഴത്തോട്ടത്തില്‍ വെച്ച് ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊന്നു. മസിനഗുഡിയില്‍ നിർമ്മാണത്തൊഴിലാളിയായ ദിനേശ്കുമാറിനെയാണ് ഭാര്യ കാർത്യായിനി കഴുത്ത് ഞെരിച്ച് കൊന്നത്.കൊല്ലപ്പെട്ട ദിനേശ് കുമാറും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.മസിനഗുഡി പൊലീസ് കേസെടുത്ത് കാർത്യായനിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച ഇരുവരും നിർമ്മാണ ജോലിക്കായി ഊട്ടിയില്‍ പോയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങുകയും അന്ന് രാത്രി തന്റെ ഭർത്താവ് മരണപ്പെട്ടു എന്ന് കാണിച്ച് പൊലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.
തുടർന്ന് ഇൻസ്‌പെക്ടർ എസ്. ശിവകുമാറിന്റെ നേതൃത്വത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. മരിച്ച ദിനേശ് കുമാറിന്റെ മൃതദേഹം ഗൂഡല്ലൂർ ജില്ലാഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയില്‍ ദിനേശ് കുമാറിന്റെ മരണം ശ്വാസംമുട്ടിയാണെന്ന് വ്യക്തമായതോടെ പോലീസ് കാർത്യായിനിയെ ചോദ്യം ചെയ്തു. സംഭവ ദിവസം രാത്രി ഇരുവരും തമ്മില്‍ തർക്കം നടന്നതായും തുടർന്ന് കാർത്യായനി ദിനേശ്കുമാറിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവർ സമ്മതിച്ചതായി പോലീസ് പറഞ്ഞു.