Home Featured പുകയില ഉത്പന്നങ്ങൾ വാങ്ങാനുള്ള പ്രായം 21ആക്കി, ഹുക്ക ബാറുകൾക്ക് നിരോധനം; കർശന നടപടിയുമായി കർണാടക സർക്കാർ

പുകയില ഉത്പന്നങ്ങൾ വാങ്ങാനുള്ള പ്രായം 21ആക്കി, ഹുക്ക ബാറുകൾക്ക് നിരോധനം; കർശന നടപടിയുമായി കർണാടക സർക്കാർ

by admin

ബെംഗളുരു: പുകയില ഉപയോഗത്തിനെതിരെ കർശന നടപടിയുമായി കർണാടക സർക്കാർ. പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം 18-ൽ നിന്ന് 21 ആയി ഉയർത്തി. നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷ ഏർപ്പെടുത്തുന്നതുൾപ്പെടെ ഒരു പുതിയ പുകയില വിരുദ്ധ നിയമം കർണാടക സർക്കാർ നടപ്പിലാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പൊതുസ്ഥലങ്ങളിൽ പുകവലി നിരോധന നിയമം ലംഘിച്ചാലുള്ള പരമാവധി പിഴ 200 രൂപയിൽ നിന്ന് 1,000 രൂപയായി ഉയർത്തിയിട്ടുണ്ട്.

കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് മീറ്റർ പരിധിയിൽ പുകയില ഉത്പന്നങ്ങൾ വിൽക്കാൻ പാടില്ലെന്ന നിയമവും കർശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള പുകയില ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരം.പബ്ബുകളിലോ, കഫേകളിലോ സ്ഥിതിചെയ്യുന്ന ഹുക്ക ബാറുകൾക്ക് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തി എന്നതാണ് ഭേദഗതിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകതകളിലൊന്ന്. നിയമലംഘകർക്ക് ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവും 50,000 മുതൽ 1,00,000 രൂപ വരെ പിഴയും ലഭിക്കാം.

2023 സെപ്റ്റംബറിൽ ബാറുകളിൽ ഹുക്കയും ഷീഷയും വിൽക്കുന്നതിന് നിരോധനമേർപ്പെടുത്താൻ കർണാടക സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ നിയമവിരുദ്ധമായി ബെംഗളുരുവിലെ ചില സ്ഥലങ്ങളിൽ ഹുക്ക കഫേകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ കണ്ടെത്തി. 20 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തുകയും 12 ലക്ഷം രൂപയുടെ ഉത്പന്നങ്ങളും സാമഗ്രികകളും പിടികൂടുകയും ചെയ്തു.പുതിയ സെഷൻ 4A പ്രകാരം റസ്റ്ററന്റുകൾ, പബ്ബുകൾ, കഫേകൾ എന്നിവയുൾപ്പെടെയുള്ള ഏതൊരു സ്ഥലത്തും ഹുക്ക ബാറുകൾ പ്രവർത്തിക്കുന്നത് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. പുതുതായി ചേർത്ത സെക്ഷൻ 21A പ്രകാരം ഹുക്ക ബാറുകൾ നടത്തുന്നവർക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group