ബെംഗളൂരു: മാണ്ഡ്യയിലെ സിറ്റിങ് എംപിയും നടിയുമായ സുമലത അംബരീഷ് ഇനി ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ ജഗന്നാഥ ഭവനില്‍ വെച്ചാണ് സുമലത ബിജെപി അംഗത്വം സ്വീകരിച്ചത്.
കര്‍ണാടക മുന്‍ മുഖ്യമത്രി ബി. എസ്. യെദിയൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആര്. അശോക് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ സുമലതയെ പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചു.
മാണ്ഡ്യ സീറ്റ് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിഎസിന് ഒഴിഞ്ഞുകൊടുക്കുമെന്ന് സുമലത അടുത്തിടെ വ്യക്തമാക്കിയിരുന്നു. ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമിയാണ് എന്‍ഡിഎയ്ക്ക് വേണ്ടി മാണ്ഡ്യയില്‍ മത്സരിക്കുന്നത്. കുമാരസ്വാമിയുടെ വിജയത്തിന് പൂര്‍ണ പിന്തുണ സുമലത പ്രഖ്യാപിച്ചിട്ടുണ്ട്.