മംഗളൂരു ∙ കർണാടകയിൽ പുത്തൂരിനു സമീപം ഈശ്വരമംഗലത്ത് അനധികൃതമായി കന്നുകാലികളെ കടത്തിയ മലയാളിയെ വെടിവച്ചു വീഴ്ത്തി കർണാടക പൊലീസ്. കാസർകോട് സ്വദേശി അബ്ദുല്ല (40) യെയാണ് വെടിവച്ചതെന്നും ഇയാളുടെ കാലിനാണ് വെടിയേറ്റതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മിനിട്രക്കിൽ കന്നുകാലികളുമായി വന്ന അബ്ദുല്ലയോട് വാഹനം നിർത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഓടിച്ചുപോകുകയായിരുന്നു. പത്തു കിലോമീറ്ററോളം പിന്തുടർന്ന പൊലീസിന്റെ വാഹനത്തിൽ മിനി ട്രക്ക് ഇടിക്കുകയുചെയ്തു. തുടർന്ന് പൊലീസ് രണ്ട് റൗണ്ട് വെടിവച്ചു. ഇതിനിടെയാണ് അബ്ദുല്ലയുടെ കാലിൽ വെടിയേറ്റത്.അബ്ദുല്ലയ്ക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ഒരാൾ സംഭവസ്ഥലത്തുനിന്നു കടന്നിട്ടുണ്ട്. പരുക്കേറ്റ അബ്ദുല്ലയെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ബെല്ലാരെ പൊലീസ് സ്റ്റേഷനിൽ ഗോവധ നിയമപ്രകാരം അബ്ദുല്ലയ്ക്കെതിരെ മുമ്പ് ഒരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
 
