മംഗളുരു: കഴിഞ്ഞ മാസം മംഗളൂരു കോട്ടേക്കാർ വ്യവസായ സേവാ സഹകരണബാങ്കില്‍ നടന്ന കൊള്ളയുടെ സൂത്രധാരൻ മുംബൈയില്‍ താമസിക്കുന്ന അറുപത്തിയേഴുകാരനെന്ന് വെളിപ്പെടുത്തി കർണാടക പൊലീസ്.ദക്ഷിണ കന്നഡയില്‍ ജനിച്ച് പിന്നീട് മുംബൈയിലേക്ക് കുടിയേറിപാർത്തയാളാണ് പ്രതി എന്നാണ് പൊലീസ് നല്കുന്ന വിവരം.കേസില്‍ അറസ്റ്റിലായ മുരുഗാണ്ടി തേവർ എന്നയാളാണ് ശശി തേവറിനെ കുറിച്ചും കൊള്ള ആസൂത്രണം ചെയ്തതിനെ കുറിച്ചും പൊലീസിനോട് വെളിപ്പെടുത്തിയത്.
ശശി തേവർക്ക് വേണ്ടി മുംബൈയിലടക്കം പൊലീസ് തെരച്ചില്‍ ഊർജിതമാക്കി. പ്രദേശത്തെക്കുറിച്ച് നല്ല അറിവുണ്ടായിരുന്ന ശശി തേവർ മുംബൈയില്‍ വച്ചാണ് കൊള്ള സംഘം രൂപീകരിച്ച് കവർച്ച ആസൂത്രണം ചെയ്തത്. ആറ് മാസത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊള്ള നടപ്പാക്കിയത്. ശശി തേവർ കൊള്ള നടക്കുന്ന സമയത്ത് മുംബൈയില്‍ ഇരുന്ന് നിർദേശങ്ങള്‍ നല്‍കിയെന്നും പൊലീസ് പറയുന്നു.മുരുഗാണ്ടി കൈവശം വച്ചിരുന്ന, ശശി തേവറുടെ ഉടമസ്ഥതയിലുള്ള തോക്ക് കൊള്ള നടന്ന സ്ഥലത്തിനടുത്ത് വച്ച് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ജനുവരി 17 വെള്ളിയാഴ്ചയാണ് മംഗളൂരു നഗരത്തെ ഞെട്ടിച്ച കവർച്ച നടക്കുന്നത്. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് കൊള്ള നടത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ആയുധധാരികളായ ആറംഗ സംഘം ബാങ്കിലേക്ക് ഇരച്ചെത്തുകയും ബാങ്കിലെ അഞ്ച് ജീവനക്കാരെ തോക്കിൻമുനയില് നിർത്തുകയുമായിരുന്നു.പിന്നാലെ ഒരു ജീവനക്കാരന് നേരെ തോക്ക് ചൂണ്ടി ലോക്കർ കാണിച്ചുതാരാനും തുറക്കാനും ആവശ്യപ്പെട്ടു.എതിർത്താല്‍ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കി. കവർച്ചക്കാരുടെ ഭീഷണിക്ക് മുന്നില്‍ നിസ്സഹായരായി നില്ക്കാൻ മാത്രമേ ജീവനക്കാർക്ക് സാധിച്ചുള്ളൂ. ബാങ്കില്‍ നിന്ന് 12 കോടിയോളം രൂപയും സ്വർണവുമായാണ് സംഘം രക്ഷപ്പെട്ടത്.