ബെംഗളൂരു : സ്വകാര്യപങ്കാളിത്തത്തോടെ സംസ്ഥാനത്ത് പുതിയ മെഡിക്കൽകോളേജുകൾ ആരംഭിക്കാൻ കർണാടക സർക്കാർ.നിലവിൽ സർക്കാർ മെഡിക്കൽ കോളേജുകളില്ലാത്ത ജില്ലകളിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിൽ (പിപിപി) പുതിയ കോളേജുകൾ ആരംഭിക്കാനാണ് ഒരുങ്ങുന്നത്.എന്നാൽ, ഇതിനെതിരേ വിദ്യാഭ്യാസ വിദഗ്ധർ അടക്കമുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്.വിദ്യാഭ്യാസത്തെ പൂർണമായും സ്വകാര്യവത്കരിക്കുന്നതിനുള്ള നീക്കത്തിന്റെ തുടക്കമാണെന്ന് ഇവർ ആരോപിക്കുന്നു.
കോലാർ, തുമക്കുരു, വിജയപുര, ദാവണഗരെ, ഉഡുപ്പി, ദക്ഷിണ കന്നഡ, ബെംഗളൂരു റൂറൽ, വിജയനഗര ജില്ലകളിൽ പിപിപി സംരംഭമായി മെഡിക്കൽ കോളേജുകൾ ആരംഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. പുതിയ മെഡിക്കൽ കോളേജുകളുടെ ചെലവുകൾ പൂർണമായും സർക്കാരിന് വഹിക്കാൻ കഴിയാത്തതിനാലാണ് സ്വകാര്യപങ്കാളിത്തം തേടുന്നതെന്നാണ് വിശദീകരണം.എന്നാൽ, സംവരണംപാലിക്കാൻ സാധിക്കാതെ വരുമെന്നും ഫീസ് അടക്കമുള്ള കാര്യങ്ങളിൽ സർക്കാരിന്റെ നിയന്ത്രണം നഷ്ടമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് എതിർപ്പ്.
അയൽ സംസ്ഥാനമായ ആന്ധ്രയിലും പിപിപി സംരംഭമായി മെഡിക്കൽ കോളേജുകൾ തുടങ്ങാൻ പദ്ധതിയുണ്ട്. അവിടെയും എതിർപ്പുയർന്നിട്ടുണ്ട്. ആന്ധ്രയിൽ പുതിയ 10 മെഡിക്കൽ കോളേജുകൾ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കാനാണ് തീരുമാനം.