ബംഗളൂരു: കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ കർണാടകയോട് കാണിക്കുന്ന അവഗണനക്ക് പരിഹാസത്തിന്റെ പരസ്യപ്രതികരണവുമായി കർണാടക കോണ്‍ഗ്രസ്. വെള്ളിയാഴ്ച കർണാടകയിലെ ഇംഗ്ലീഷ്, കന്നട ദിനപത്രങ്ങളിലെ ഒന്നാം പേജില്‍ ‘ചൊമ്ബ്’ (കാലിയായ കുടം) ചിത്രം ജാക്കറ്റ് പരസ്യമായി നല്‍കിയാണ് കേന്ദ്രത്തിന്റെ നടപടി സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കിയത്.
‘കർണാടകക്ക് മോദി സർക്കാറിന്റെ സമ്മാനം -കാലിക്കുടം!’ എന്നതായിരുന്നു ചിത്രത്തിന് നല്‍കിയ ശീർഷകം. ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം എത്തിക്കുമെന്നത്, കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നത്, സംസ്ഥാനത്തെ വരള്‍ച്ച-വെള്ളപ്പൊക്ക ദുരിതാശ്വാസം തുടങ്ങിയവയിലൊക്കെ പൊള്ളയായ വാഗ്ദാനങ്ങളാണ് മോദി സർക്കാർ നല്‍കിയതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
അതിനു പുറമെ, ബി.ജെ.പിയുടെയും ജെ.ഡി-എസിന്റെയും എം.പിമാരുടെ സംഭാവനയും കാലിക്കുടം പോലെയാണെന്നും ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കാലിക്കുടം തന്നെ തിരിച്ചുനല്‍കാമെന്നും വോട്ടർമാരോട് പരസ്യത്തിലൂടെ പറയുന്നു.
ഈ വേനലില്‍ ബംഗളൂരുവിലെ ജനങ്ങള്‍ക്ക് ഒരു തുള്ളി വെള്ളംപോലും നല്‍കാനാവാത്ത കോണ്‍ഗ്രസ് സർക്കാർ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണ് നല്‍കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് ആർ. അശോകയുടെ പ്രതികരണം.