ബെംഗളൂരു : ലിവ് ഇൻ ടുഗദർ ആയി താമസിച്ചുവന്ന യുവാവ് പങ്കാളിയായ യുവതിക്കു നേരേ ആസിഡ് ആക്രമണം നടത്തി.യുവതിയുടെ മുഖത്തും ഇടതുകണ്ണിനും സാരമായി പരിക്കേറ്റു. വിജയപുര ജില്ലയിലെ മുരണകെരി സ്വദേശി (40) ആണ് ആക്രമണം നടത്തിയത്. ഇയാളെ വിജയപുര കലദഗി പോലീസ് അറസ്റ്റുചെയ്തു. മുരണകരി സ്വദേശിയായ ലക്ഷ്മി ബാഡിഗർക്കാണ് (32) പരിക്കേറ്റത്. ഇവരെ വിജയപുര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന എട്ടു വയസ്സുള്ള മകൾക്ക് നിസ്സാര പരിക്കേറ്റു. ബാഗൽകോട്ട് ജില്ലയിലെ ഗദ്ദനകേരിയിൽ വാടകവീട്ടിൽ ഒന്നിച്ചു താമസിക്കുകയായിരുന്നു ഇരുവരും. മൗനേഷും ലക്ഷ്മിയും വേറെ വിവാഹം കഴിച്ചവരാണ്. അതിലെ ബന്ധം വേർപെടുത്താതെയാണ് ഇരുവരും ഒന്നിച്ചു താമസിച്ചുവന്നതെന്ന് പോലീസ് പറഞ്ഞു.
ലക്ഷ്മിക്ക് വേറെ ബന്ധമുണ്ടെന്ന് സംശയിച്ച് മൗനേഷ് വഴക്കുണ്ടാക്കുക പതിവായിരുന്നു. കഴിഞ്ഞയാഴ്ച ഇരുവരും വഴക്കിട്ടതിനെത്തുടർന്ന് മൗനേഷ് സ്വന്തംവീട്ടിൽ പോയിരുന്നു. കഴിഞ്ഞദിവസം രാത്രി മടങ്ങിവന്നപ്പോൾ ലക്ഷ്മി വാതിൽ തുറന്നു കൊടുക്കാൻ കൂട്ടാക്കിയില്ല. ഇതിൽ പ്രകോപിതനായ ഇയാൾ ജനാലവഴി ലക്ഷ്മിയുടെ നേർക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.