ബംഗളൂരു: മാറിക്കയറിയ ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ വീണുമരിച്ച യാത്രക്കാരിയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ കർണാടക ഹൈകോടതി വിധി.
2014 ഫെബ്രുവരിയിലാണ് മൈസൂരു അശോകപുരം സ്വദേശി കെ. ജയമ്മ (47) അപകടത്തില്‍പെട്ടത്. ജയമ്മയും സഹോദരി രത്നമ്മയും തിരുപ്പതി പാസഞ്ചർ ട്രെയിനിന് പകരം തൂത്തുക്കുടി എക്സ്പ്രസിലാണ് കയറിയത്. അബദ്ധം മനസ്സിലാക്കി ഇറങ്ങുമ്ബോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. പ്ലാറ്റ്ഫോമില്‍ വീണ് പരിക്കേറ്റതിനെത്തുടർന്ന് മരിച്ചു. നഷ്ടപരിഹാരം തേടിയുള്ള കുടുംബത്തിന്റെ അപേക്ഷ റെയില്‍വേ ട്രൈബ്യൂണല്‍ തള്ളി.
അപായച്ചങ്ങല വലിക്കുക, അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ട്രെയിൻ മാറിക്കയറുക തുടങ്ങിയ മാർഗങ്ങളാണ് യാത്രക്കാരി സ്വീകരിക്കേണ്ടത് എന്നായിരുന്നു റെയില്‍വേയുടെ വാദം. ഇന്ത്യൻ റെയില്‍വേ നിയമം 124 എ പ്രകാരം ജയമ്മയുടേത് സ്വയം വരുത്തിവെച്ച അപായമാണെന്ന് നിരീക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഹൈകോടതി ജഡ്ജി ജസ്റ്റിസ് എച്ച്.പി. സന്ദേശ് റെയില്‍വേ വാദം തള്ളി. സാധാരണ യാത്രക്കാരിയായ ജയമ്മക്കുണ്ടായ ദുരന്തം അനിഷ്ട സംഭവമാണെന്ന് സമാന അപായങ്ങളിലെ സുപ്രീംകോടതി വിധി അവലംബിച്ച് ജസ്റ്റിസ് നിരീക്ഷിച്ചു. നാല് ലക്ഷം രൂപ നഷ്ടപരിഹാരവും ഇത്രയും വർഷത്തേക്ക് ഏഴ് ശതമാനം പലിശയും ചേർത്ത് എട്ട് ലക്ഷം രൂപ ജയമ്മയുടെ കുടുംബത്തിന് റെയില്‍വേ നല്‍കണം എന്ന് ജസ്റ്റിസ് സന്ദേശ് ഉത്തരവിടുകയും ചെയ്തു.