ബംഗളൂരു: ജാതി അധിക്ഷേപം ആരോപിച്ച് കേസെടുത്തതിനെതിരെ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കമലാപുര താലൂക്കില്‍ ലഡമുഗലി ഗ്രാമത്തിലെ നിഖില്‍ പൂജാരി (23) ആണ് ബുധനാഴ്ച രാത്രി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
നാല് ദിവസം മുമ്ബ് ഗ്രാമോത്സവത്തിനിടെയുണ്ടായ നിസ്സാര പ്രശ്‌നത്തിന്‍റെ പേരില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ഗ്രാമത്തിലെ മുതിർന്നവർ ഇടപെട്ട് ഒത്തുതീർപ്പുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ഒരു വിഭാഗം ജാതി അധിക്ഷേപം ആരോപിച്ച് പരാതി നല്‍കി. ഇതേ തുടർന്ന് നിഖില്‍ ഉള്‍പ്പെടെ നിരവധി പേർക്കെതിരെ നരോണ പൊലീസ് കേസെടുത്തിരുന്നു.
നിഖില്‍ ആത്മഹത്യ ചെയ്തതിന് ശേഷം ഒരു വിഭാഗം ഗ്രാമത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും നീതി ആവശ്യപ്പെട്ട് ഡെപ്യൂട്ടി കമീഷണർ ഓഫിസിനു മുന്നില്‍ പ്രതിഷേധിക്കുന്നതിനായി മൃതദേഹം ട്രാക്ടറില്‍ കലബുറഗിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രാദേശിക നേതാക്കളുമായി ഫോണില്‍ സംസാരിച്ച് സംഭവത്തെക്കുറിച്ച് വിവരങ്ങള്‍ ആരാഞ്ഞു.