ബംഗളൂരു: കർണാടക എം.എല്‍.എ ജി. ജനാർദന റെഡ്ഡിയും ഭാര്യയും വീണ്ടും ബി.ജെ.പിയില്‍ ചേർന്നു. ബി.ജെ.പി നേതാവ് ബി.എസ്.
യെദിയൂരപ്പയുടെയും സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരും ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ജനാർദന റെഡ്ഡിയുടെ ഭാര്യ അരുണ ലക്ഷ്മിയും രാഷ്ട്രീയത്തില്‍ സജീവമാണ്. ജനാർദന റെഡ്ഡിയുടെ കർണാടക രാജ്യ പ്രഗതി പക്ഷ പാർട്ടി ബി.ജെ.പിയില്‍ ലയിച്ചു.” ഞാൻ ബി.ജെ.പിയില്‍ ചേർന്നു. എന്റെ പാർട്ടി ബി.ജെ.പിയില്‍ ലയിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കാൻ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്താൻ സാധിച്ചതില്‍ വലിയ സന്തോഷം തോന്നുന്നു. ഒരു ഉപാധികളും മുന്നോട്ടുവെക്കാതെയാണ് ഞാൻ ബി.ജെ.പിയില്‍ ചേർന്നത്. എനിക്ക് ഒരു സ്ഥാനവും ആവശ്യമില്ല.’-ജനാർദന റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.
റെഡ്ഡി എടുത്തത് ഏറ്റവും നല്ല തീരുമാനമാണെന്ന് യെദിയൂരപ്പ പറഞ്ഞു. റെഡ്ഡിയുടെ വരവ് സംസ്ഥാനത്ത് ബി.ജെ.പിക്ക് കൂടുതല്‍ കരുത്താകും. 28 സീറ്റുകളില്‍ ഞങ്ങള്‍ വിജയിക്കും. അദ്ദേഹത്തിന്റെ ഭാര്യയും സുഹൃത്തുക്കളും ബി.ജെ.പിയില്‍ ചേർന്നിട്ടുണ്ട്. അതും ഞങ്ങളെ ശക്തിപ്പെടുത്തും. എന്നാവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു.-യെദിയൂരപ്പ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ബി.ജെ.പിയില്‍ ചേരുമെന്നും ബി.ജെ.പി തനിക്ക് മാതൃതുല്യമാണെന്നും കഴിഞ്ഞ ദിവസം റെഡ്ഡി പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗംഗാവതി മണ്ഡലത്തില്‍ നിന്നാണ് റെഡ്ഡി വിജയിച്ചത്. കർണാടകയില്‍ യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മന്ത്രിയായിരുന്ന ജനാർദന റെഡ്ഡി ഖനന കുംഭകോണത്തില്‍ അറസ്റ്റിലായിരുന്നു. ജനാർദന റെഡ്ഡിയുടെ സഹോദരങ്ങളായ ജി. കരുണാകര റെഡ്ഡിയും ജി. സോമശേഖര റെഡ്ഡിയും ബി.ജെ.പിയുടെ സജീവപ്രവർത്തകരാണ്. കഴിഞ്ഞ തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുവരും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കർണാടകയില്‍ 28 ലോക്സഭ സീറ്റുകളാണുള്ളത്. സംസ്ഥാനത്ത് രണ്ടു ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ഫലം ജൂണ്‍ നാലിനറിയാം.