ബംഗളൂരു: മാണ്ഡ്യയില്‍ യുവാവ് പിതാവിനെ പാറക്കല്ലുകൊണ്ട് തലക്കടിച്ചുകൊന്നു. സുന്ധഹള്ളി ഗ്രാമത്തിലെ കെ.എൻ. നഞ്ചപ്പയാണ് (65) കൊല്ലപ്പെട്ടത്. മകൻ മഹാദേവ (40) സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വാക്കുതർക്കം മൂത്ത് ആക്രമണത്തിന് മുതിർന്ന മകനില്‍നിന്ന് രക്ഷപ്പെടാൻ നഞ്ചപ്പ പുറത്തേക്ക് ഓടിയിരുന്നു. പിന്തുടർന്ന മഹാദേവ റോഡരികില്‍ കിടന്ന പാറക്കല്ലുകൊണ്ട് തലക്കടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. തുടർച്ചയായുള്ള ഇടിയില്‍ തല ചതഞ്ഞു. ആക്രമണം തടയാൻ ശ്രമിച്ച നഞ്ചപ്പയുടെ ഭാര്യ മഹാദേവമ്മയെ (60) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബസ്വത്ത് മകള്‍ക്കു മാത്രമായി നല്‍കാനുള്ള നഞ്ചപ്പയുടെ തീരുമാനത്തെത്തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മാണ്ഡ്യ റൂറല്‍ പൊലീസ് പറഞ്ഞു.