ബെംഗളൂരു: കർണാടകയില്‍ സെല്‍ഫിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവിനെ നദിയിലേക്ക് ഭാര്യ തള്ളിയിട്ടു.റായ്ച്ചൂർ, യാദ്ഗിർ ജില്ലകളെ ബന്ധിപ്പിക്കുന്ന ഗുർജാപൂർ പാലത്തിന് സമീപമാണ് സംഭവം നടന്നത്. യാദ്ഗിറിലെ ശിവപുര ഗ്രാമത്തില്‍ നിന്നുള്ള നവദമ്ബതികള്‍ പാലത്തിന് സമീപം എത്തിയപ്പോഴാണ് തർക്കം ഉണ്ടായത്. പാലത്തില്‍ നിന്ന് താഴെവീണ യുവാവിനെ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്.കൃഷ്ണ നദിക്കു കുറുകെയുളള ഗുര്‍ജാപൂര്‍ പാലത്തില്‍ നിന്നാണ് യുവതി ഭര്‍ത്താവിനെ തളളിയിട്ടത്.
അബദ്ധത്തില്‍ കാല്‍വഴുതി വീഴുകയായിരുന്നെന്ന് യുവതി ഓടിക്കൂടിയവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. പാലത്തില്‍ നിന്നും താഴെ നദിയിലേക്ക് വീണ യുവാവ് ഒഴുകി സമീപത്തുളള പാറയില്‍ പിടിച്ച് കയറുകയായിരുന്നു.നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും മത്സ്യത്തൊഴിലാളികളും കയര്‍ പാറയിലേക്ക് ഇട്ടുകൊടുത്ത് യുവാവിനെ മുകളിലേക്ക് കയറ്റി രക്ഷപ്പെടുത്തി. മുകളിലേക്ക് കയറിയ ശേഷം യുവാവ് തന്നെയാണ് ഭാര്യ തന്നെ തളളിയിടുകയായിരുന്നുവെന്ന് ആരോപിച്ചത്. എന്നാല്‍ ഭാര്യ കുറ്റം നിഷേധിച്ചു.
യുവാവിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ഭാഗ്യവശാല്‍, യുവാവിന് വലിയ പരിക്കുകളൊന്നും സംഭവിച്ചില്ല.തുടർന്ന് ദേഷ്യത്തോടെ യുവാവ് ബന്ധുക്കളെ വിളിച്ച് സംഭവം പറഞ്ഞു. ഭാര്യ മനഃപൂർവ്വം തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് അയാള്‍ ആരോപിച്ചു. അതേസമയം, ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വീഡിയോ തെളിവുകള്‍ പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. റായ്ച്ചൂര്‍ പൊലീസ് മൊഴി രേഖപ്പെടുത്താനായി ദമ്ബതികളെ വിളിച്ചുവരുത്തിയിട്ടുണ്ട്.