ബെംഗളൂരു: ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ 2000ത്തിലേറെ വാഹനങ്ങൾ ശനിയാഴ്ച പോലീസ് പിടിച്ചെടുത്തു. 2023 വാഹനങ്ങൾ ആണ് പോലീസ് പിടിച്ചെടുത്തത്. ആദ്യമായാണ് ഇത്രയേറെ വാഹനങ്ങൾ ഒറ്റ ദിവസം കൊണ്ട് പിടിച്ചെടുക്കുന്നത്. മതിയായ കാരണങ്ങളില്ലാതെ അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങൾപിടിച്ചെടുക്കുമെന്നും ലോക് ഡൗൺ നിയമങ്ങൾ കർശനമാക്കുമെന്നും ബെംഗളുരു സിറ്റി പോലീസ് കമീഷണർ നേരത്തെ വ്യക്തമാക്കിയിരുന്നു. വാഹനങ്ങൾ പിടിച്ചെടുത്ത് ദുരന്തനിവാരണ നിയമപ്രകാരമാണ് കേസ് എടുക്കുന്നത്. നിലവിൽ രാവിലെ ആറ് മണി മുതൽ രാവിലെ പത്ത് മണിവരെ അവശ്യ സാധനങ്ങൾ വാങ്ങാൻ അനുമതിയുണ്ട്. അതിന് ശേഷമാണ് നിരത്തുകളിലെ വാഹന പരിശോധനകൾ തുടങ്ങുന്നത്. ഓരോ ദിവസവും ഓരോ കാരണം പറഞ്ഞാണ് ആൾക്കാർ പുറത്തിറങ്ങുന്നതെന്നാണ് പോലീസ് പറയുന്നത്.