ഉഡുപ്പി: കര്‍ണാടക ഉഡുപ്പിയില്‍ അമ്മയും മൂന്നു മക്കളും കൊല്ലപ്പെട്ട നിലയില്‍. ആക്രമണത്തില്‍ അമ്മൂമ്മക്ക് ഗുരുതരമായി പരിക്കേറ്റു. മാല്‍പെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉഡുപ്പി കെമ്മണ്ണിലെ ഹമ്ബൻകാട്ടിലാണ് അമ്മയും മൂന്ന് മക്കളുമടക്കം നാലു പേരെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ 8.30 നും ഒമ്ബതിനും ഇടയിലാണ് സംഭവം. ഹസീന (46), മക്കളായ അഫ്‌നാൻ (23), ഐനാസ് (21) അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹസീനയേയും രണ്ട് മക്കളെയും വീടനകത്തുവച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. പുറത്തു കളിക്കുകയായിരുന്ന അസീം ബഹളം കേട്ട് ഓടിയെത്തിയപ്പോള്‍ അവനെയും കുത്തുകയായിരുന്നു.
പ്രദേശവാസികളായ ചിലരും ഹസീനയുടെ മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്.