Home Featured ഹിജാബ് അനുവദിച്ചത് സ്‌കൂളുകളിലല്ല, സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ടെസ്റ്റുകള്‍ക്ക്;കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എംസി സുധാകര്‍

ഹിജാബ് അനുവദിച്ചത് സ്‌കൂളുകളിലല്ല, സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ടെസ്റ്റുകള്‍ക്ക്;കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എംസി സുധാകര്‍

by admin

കര്‍ണാടകയിലെ സ്കൂളുകളില്‍ ഹിജാബ് അനുവദിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ടെസ്റ്റുകള്‍ക്കെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു മാത്രമാണ് ഹിജാബ് അനുവദിച്ചിരിക്കുന്നതെന്നും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി സുധാകര്‍.

തൊഴില്‍ വകുപ്പ്, കര്‍ണാടക സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷൻ ലിമിറ്റഡ് (കിയോണിക്‌സ്), മൈസൂര്‍ സെയില്‍സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (എംഎസ്‌ഐഎല്‍), സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് തുടങ്ങിയ വകുപ്പുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള പരീക്ഷ എഴുതാൻ ഹിജാബ് ധരിച്ച സ്ത്രീകള്‍ക്ക് അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇതിനെ സ്കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവുമായി ബന്ധിപ്പിച്ച്‌ തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച്‌ നിരവധി തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് അനുവദിക്കുമെന്നു പറഞ്ഞ് തന്റെ പ്രസ്താവന ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും എം.സി സുധാകര്‍ പറഞ്ഞു. തന്റെ പ്രസ്താവനയ്ക്ക് സുപ്രീംകോടതി വിധിയുമായി യാതൊരു ബന്ധവുമില്ലെന്നും സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലേക്കോ ബോര്‍ഡുകളിലേക്കോ റിക്രൂട്ട്‌മെന്റിനായി പരീക്ഷ എഴുതുന്ന വനിതകളുമായി ബന്ധപ്പെട്ടുള്ള തീരുമാനം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ നീറ്റ് പരീക്ഷ എഴുതാനും അനുവദിക്കാറുണ്ട്. ഇത്തരം ബോര്‍ഡുകളുടെ അതേ സംവിധാനങ്ങളാണ് കര്‍ണാടക എക്‌സാമിനേഷൻ അതോറിറ്റി (കെഇഎ) മുഖേന നടത്തുന്ന പരീക്ഷകളിലും സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധി സ്‌കൂളുകളുടെ കാര്യത്തില്‍ മാത്രമാണ്. ഇത്തരം പരീക്ഷകളുമായി അതിന് യാതൊരു ബന്ധവുമില്ല”, മന്ത്രി പറഞ്ഞു. ഇത്തരം ജോലിക്ക് അപേക്ഷിക്കുന്ന സ്ത്രീകള്‍ പ്രായപൂര്‍ത്തിയായവരാണെന്നും തങ്ങളുടെ മതാചാരങ്ങള്‍ക്കോ ഇഷ്ടത്തിനോ അനുസരിച്ച്‌, ശരിയാണെന്ന് തോന്നുന്നത് ചെയ്യാൻ അവര്‍ക്ക് അവകാശമുണ്ടെന്നും എം.സി സുധാകര്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ അഞ്ച് കോര്‍പ്പറേഷനുകളിലെ വിവിധ വകുപ്പുകളിലെ ഒഴിവുള്ള തസ്തികകളിലേക്കുള്ള പരീക്ഷ ഒക്ടോബര്‍ 28, 29 തീയതികളിലാണ് നടക്കുക.”പരീക്ഷക്കായി ഞങ്ങള്‍ ചില മുൻകരുതലുകള്‍ എടുക്കേണ്ടതുണ്ട്. വിശദമായ പരിശോധനയ്‌ക്കായി പരീക്ഷക്ക് ഒരു മണിക്കൂര്‍ മുൻപ് പരീക്ഷാ കേന്ദ്രത്തിലെത്താൻ ഉദ്യോഗാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്”, മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹിജാബ് വിവാദം

കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജില്‍ ഹിജാബ് (Hijab) ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിപ്പിക്കുന്നത് വിലക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെതിരെ പെണ്‍കുട്ടികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ, സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചിരുന്നു. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടെങ്കിലും അതില്‍ ഭിന്നവിധിയാണ് ഉണ്ടായത്.

വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കര്‍ണാടകയുടെ ഐക്യവും മതേതര പൈതൃകവും ഉറപ്പാക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group