ബംഗളൂരു: കര്‍ണാടകയില്‍ പോത്തിറച്ചി കൊണ്ടുവന്ന കാര്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ കത്തിച്ചു. ദൊഡ്ഡബല്ലാപ്പൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വാഹനത്തിന്റെ ഡ്രൈവര്‍മാരുടെ തലയില്‍ ഇറച്ചി ഇട്ട് റോഡിലൂടെ നടത്തിക്കുകയും ചെയ്തു.
ഇറച്ചി കൊണ്ട് വന്ന വാഹനങ്ങളും ഡ്രൈവര്‍മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ കത്തിച്ച ശ്രീരാമസേനയിലെ 14 അംഗങ്ങളും അറസ്റ്റിലായി.
ആന്ധ്രപ്രദേശില്‍ നിന്ന് അഞ്ചു വാഹനങ്ങളിലായാണ് ഇറച്ചി കൊണ്ടുവന്നത്. ഒരു കാര്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട് . ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.അനധികൃതമായി പോത്തിറച്ചി കടത്തിക്കൊണ്ടുവന്നെന്നാണ് ശ്രീരാമ സേന പ്രവര്‍ത്തകരുടെ ആരോപണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.