Home Featured താമസസ്ഥലം പ്രാര്‍ഥനക്കായി ഉപയോഗിക്കുന്നത് തടയാനാവില്ല;കര്‍ണാടക ഹൈകോടതി

താമസസ്ഥലം പ്രാര്‍ഥനക്കായി ഉപയോഗിക്കുന്നത് തടയാനാവില്ല;കര്‍ണാടക ഹൈകോടതി

by admin

ബംഗളൂരു: നഗരത്തില്‍ എച്ച്‌.ബി.ആര്‍ ലേഔട്ടിലെ താമസസ്ഥലം പ്രാര്‍ഥനക്കായി ഉപയോഗിക്കുന്നത് തടയാനാവില്ലെന്ന് കര്‍ണാടക ഹൈകോടതി. എച്ച്‌.ബി.ആര്‍ ലേഔട്ട് നിവാസികളായ സാം പി. ഫിലിപ്പ്, എസ്‌.കെ. കൃഷ്ണ , ടി.പി. ജഗീശൻ എന്നിവര്‍ ഹൗസിങ് ആൻഡ് അര്‍ബൻ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്മെന്റ്, ബി.ബി.എം.പി, മസ്ജിദ് ഇ-അഷ്‌റഫിത്ത് എന്നിവയെ എതിര്‍ കക്ഷികളാക്കി നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് എം.ജി.എസ്. കമല്‍ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി.

എച്ച്‌.ബി.ആര്‍ ലേഔട്ടിലെ താമസസ്ഥലം പ്രാര്‍ഥനക്കായി ഉപയോഗിക്കുന്നുണ്ടെന്നും ഇത് സമീപവാസികള്‍ക്ക് ശല്യമാവുന്നുണ്ടെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. പ്രാര്‍ഥനക്കായി ആളുകള്‍ കൂടുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടാവുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങളില്‍ യുക്തിയോ നിയമമോ ഇല്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. സ്ഥലമുടമ അയാളുടെ താമസ സ്ഥലത്ത് പ്രാര്‍ഥന നിര്‍വഹിക്കുന്നത് തടയുകയോ നിരോധിക്കുകയോ ചെയ്യുന്ന നിയമമുണ്ടോ എന്ന് ആവര്‍ത്തിച്ച്‌ ചോദിച്ചിട്ടും ഹരജിക്കാരുടെ അഭിഭാഷകന് മറുപടി നല്‍കാനായില്ലെന്ന് ബെഞ്ച് വിധിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരുടെ പരാതി പൊതുതാല്‍പര്യ ഹര്‍ജിയായാണ് കോടതി പരിഗണിച്ചത്.

അടിച്ചുകൂട്ടിയുള്ള ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും നിയമപ്രകാരം എന്തെങ്കിലും ലംഘനങ്ങള്‍ നടന്നാല്‍ അത് ചൂണ്ടിക്കാട്ടാമെന്നും കോടതി പറഞ്ഞു. ആരെങ്കിലും പ്രാര്‍ഥിക്കുന്നത് മറ്റുള്ളവര്‍ക്ക് ഭീഷണിയാവുന്ന പ്രവര്‍ത്തനമാണ് എന്ന് നിങ്ങള്‍ക്കെങ്ങനെ പറയാൻ കഴിയും? – കോടതി ചോദിച്ചു. പള്ളിയുടെ വളപ്പില്‍ ഒരു മദ്റസ കെട്ടിടം കൂടി നിര്‍മിച്ചതോടെയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ബി.ബി.എം.പിയുടെ അനുമതിയില്ലാതെയാണ് പുതിയ കെട്ടിടം നിര്‍മിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതു ശ്രദ്ധയില്‍പെട്ട കോടതി, ബി.ബി.എം.പിയുടെ അനുമതിയോടെയേ മദ്റസ കെട്ടിടം നിര്‍മിക്കാവൂ എന്ന് എതിര്‍കക്ഷികളെ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group