ബെംഗളൂരു: ഹാസൻ ജില്ലാ ജയിലിലെ തടവുകാരിൽനിന്ന് 18 മൊബൈൽ ഫോണുകളും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഹാസൻ അഡീഷണൽ എസ്.പി. തമ്മയ്യയുടെ നേതൃത്വത്തിൽനടന്ന പരിശോധനയിലാണ് ജയിലിലെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ ഇവ കണ്ടെത്തിയത്.
നേരത്തേ തടവുകാർ ഫോൺവഴി പുറത്തുള്ള പലരേയും ഭീഷണിപ്പെടുത്തുന്നതായും ക്വട്ടേഷനുകൾ ഏറ്റെടുക്കുന്നതായും പരാതികളുയർന്നിരുന്നു. ചില തടവുകാർ ജയിലിൽനിന്നുള്ള ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതും വിവാദങ്ങൾക്കിടയാക്കി.
ജയിലിലെ ഏതാനും ഉദ്യോഗസ്ഥരുടെ സഹായവും തടവുകാർക്ക് ലഭിച്ചതായാണ് സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എസ്.പി. ഹരിറാം ശങ്കർ പറഞ്ഞു. മൊബൈൽ ഫോണുകളും കഞ്ചാവും സൂക്ഷിച്ചതിന് 18 തടവുകാർക്കെതിരേ കേസെടുത്തിട്ടുണ്ട്. നിശ്ചിത ഇടവേളകളിൽ ജയിലുകളിൽ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു