ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കുന്ന കര്‍ണാടകയില്‍ വന്‍ തെരഞ്ഞെടുപ്പ് ഡേറ്റ ക്രമക്കേട്.തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് സ്വകാര്യ ഏജന്‍സിക്ക് വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ബി.ജെ.പി സര്‍ക്കാറിന്റെ കീഴിലുള്ള ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അനുമതി നല്കി.
ഒമ്ബത് ജില്ലകള്‍ വരുന്ന മുനിസിപ്പല്‍ കോര്‍പറേഷനായ ബി.ബി.എം.പി സ്വകാര്യ സ്ഥാപനമായ ‘ഷിലുമെ എജുക്കേഷനല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ട്രസ്റ്റി’നെ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി നിയോഗിക്കുകയായിരുന്നു. സമ്മതിദായകര്‍ക്കായുള്ള വിദ്യാഭ്യാസ പദ്ധതിയുടെ (എസ്.വി.ഇ.ഇ.പി)യുടെ കീഴിലായിരുന്നു ഇത്.എന്നാല്‍ സ്വകാര്യ സ്ഥാപനം നൂറുകണക്കിന് ആളുകളെ ഏര്‍പ്പാടാക്കി ചട്ടവിരുദ്ധമായി ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ(ബി.എല്‍.ഒ)പോലെ വീടുകള്‍ കയറിയിറങ്ങി പൗരന്മാരുടെ ജാതി, വിദ്യാഭ്യാസം, മാതൃഭാഷ, ആധാര്‍ നമ്ബര്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചു.
ബി.എല്‍.ഒമാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിച്ചു.’ഷിലുമെ’ ശേഖരിച്ച വിവരങ്ങള്‍ അവരുടെ സഹോദരസ്ഥാപനമായ ഷിലുമെ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ സമീക്ഷ എന്ന സ്വകാര്യ ആപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ ഗരുഡ ആപ്പില്‍ ശേഖരിക്കുന്നതിനു പകരമാണിത്.ഷിലുമെയുടെ ഡയറക്ടര്‍ ആയ കൃഷ്ണപ്പ രവികുമാറിന് ഐ.ടി-ബി.ടി മന്ത്രി സി.എന്‍. അശ്വത് നാരായണുമായി അടുത്ത ബന്ധമാണുള്ളത്. ഏറെക്കാലമായി താമസമില്ലാത്ത 18,000 ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഇതിനകം തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്.
ബി.ജെ.പിയെ പിന്തുണക്കാത്ത പട്ടികജാതി-വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കിയെന്നും ആരോപണമുണ്ട്. ആദ്യഘട്ടത്തില്‍ ശിവാജിനഗര്‍ മണ്ഡലത്തില്‍ മാത്രം ബോധവത്കരണ പരിപാടികള്‍ നടത്താനാണ് അനുമതി നല്‍കിയതെങ്കിലും പിന്നീട് 28 മണ്ഡലങ്ങളിലും നല്കി.
അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമീഷന് ബി.ബി.എം.പി ചീഫ് കമീഷണറോട് ഉത്തരവിട്ടിട്ടുണ്ട്. വിവരശേഖരണത്തിന് തങ്ങള്‍ അനുമതി നല്‍കിയിട്ടില്ലെന്നും പരാതി കിട്ടിയ ഉടന്‍തന്നെ അനുമതി റദ്ദാക്കിയിരുന്നതായും ബി.ബി.എം.പി ചീഫ് ഇലക്ടറല്‍ ഓഫിസര്‍ മനോജ് കുമാര്‍ മീണ പറഞ്ഞു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അടക്കമുള്ളവരുടെ അറിവോടെയാണ് വോട്ടര്‍മാരുടെ ഡേറ്റ സ്വകാര്യസ്ഥാപനം ചോര്‍ത്തിയതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. ഹൈകോടതി ചീഫ്ജസ്റ്റിസിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം.എന്നാല്‍, ആരോപണങ്ങളല്ലാതെ എന്താണ് തെളിവുകള്‍ ഉള്ളതെന്ന് മുഖ്യമന്ത്രി ബൊമ്മൈ ചോദിച്ചു. സ്വകാര്യസ്ഥാപനത്തിലെ ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തി ശിക്ഷിക്കും. ഇക്കാര്യത്തില്‍ പരാതി നല്കാന് ബി.ബി.എം.പിക്ക് അദ്ദേഹം നിര്‍ദേശം നല്കി
ഓണ്‍ലൈന്‍ തട്ടിപ്പിനായി വീണ്ടും പുത്തന്‍ ലിങ്കുകള്‍
പണമിരട്ടിപ്പിക്കാന്‍ കാത്തിരിക്കുന്നവരെ വലയിലാക്കാന്‍ നിരവധി ഓണ്‍ലൈന്‍ ലിങ്കുകള്‍.കാറ്റര്‍പില്ലര്‍ കമ്ബനിയുടെ ആളുകളെന്ന് പരിചയപ്പെടുത്തി നിക്ഷേപകരില്‍ നിന്ന് വന്‍ തുക തട്ടിയെടുത്തതിന് പിന്നാലെയാണ് അഞ്ച് ഓണ്‍ലൈന്‍ ലിങ്കുകള്‍ ആളുകളെ തേടി വലവിരിച്ചിരിക്കുന്നത്.വന്‍ തുക കമ്മീഷനായി വാഗ്്ദാനം ചെയ്ത് മൂന്ന് മാസത്തിലധികം നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ച് കാറ്റര്‍പില്ലര്‍ കമ്ബനിയുടെ പേരിലുള്ള ഓണ്‍ലൈന്‍ ലിങ്ക് ഈ മാസം ആദ്യം അപ്രത്യക്ഷമായതോടെയാണ് “കമ്ബനി’ അധികൃതര്‍ മുങ്ങിയ വിവരം പലരും അറിയുന്നത്.
തട്ടിപ്പാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ ഈ ലിങ്കിലൂടെ പണം നഷ്ടപ്പെടുത്തിയ നിരവധി പേരുണ്ട്.വന്‍തുക നഷ്ടപ്പെട്ട ചിലരാണ് നിയമ നടപടിയെക്കുറിച്ച് ആലോചിക്കുന്നത്. അതിനിടെയാണ് ഇതേ മാതൃകയില്‍ വീണ്ടും ഓണ്‍ലൈന്‍ ലിങ്കുകള്‍ നിക്ഷേപകരെ തേടിയെത്തിയിരിക്കുന്നത്. ഇ വി ബോക്സ്, ടെസ്ല, ഷോപ്പിംഗ് മാള്‍, ഭാരത് ബെന്‍സ്, ടി ഡി ഡബ്ല്യൂ ഉള്‍പ്പെടെയുള്ള ലിങ്കുകളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധി പേര്ക്കിടയില് ഈ ലിങ്കുകള്‍ വ്യാപകമായി പ്രചരിക്കുന്നതായാണ് വിവരം.
നേരത്തേ കാറ്റര്‍പില്ലര്‍ വഴി പണം നഷ്ടപ്പെട്ടവരും ഈ ലിങ്കുകളില്‍ പണം നിക്ഷേപിക്കുന്നുണ്ട്. ഏത് സമയത്തും “പൊട്ടാന്‍’ സാധ്യതയുള്ള ഇത്തരം ലിങ്കുകളിലേക്ക് തുടക്കത്തില്‍ ചെറിയ തുകയാണ് പലരും നിക്ഷേപിക്കുന്നത്.ചെറിയ തുകക്ക് പോലും വലിയ വരുമാനം കിട്ടുന്നതോടെ വീണ്ടും പണം നിക്ഷേപിക്കാന്‍ ഇവര്‍ ഉത്സാഹം കാട്ടുന്നു. ഓണ്‍ലൈന്‍ ലിങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിനെതിരെ പോലീസ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തുണ്ടെങ്കിലും പലരും ഇതിനെ അവഗണിക്കുന്നു.
ഫലം പണം നഷ്ടപ്പെടുന്നതായിരിക്കും. കൊവിഡിന് ശേഷമാണ് വ്യാപകമായ തോതില്‍ പണമിരട്ടിപ്പിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പ്രചാരം ലഭിക്കുന്നത്.