ബെംഗളൂരു: പനി പടർന്നുപിടിച്ചതോടെ ഗ്രാമത്തിലെ ക്ഷേത്രം താത്കാലിക ആശുപത്രിയായി. കർണാടകത്തിലെ കൊപ്പാൾ കുഷ്തഗി താലൂക്കിലെ നെരെബെഞ്ചി ഗ്രാമത്തിലാണ് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും ചേർന്ന് ക്ഷേത്രത്തെ താത്കാലിക ആശുപത്രിയാക്കിയത്. ഒരു തൂണിൽനിന്ന് മറ്റൊരു തൂണിലേക്ക് കയറുകെട്ടി ഡ്രിപ്പുനൽകുന്ന കുപ്പി തൂക്കിയിട്ടും നിലത്ത് തുണിവിരിച്ച് കിടക്കാനുള്ള സൗകര്യമൊരുക്കിയുമാണ് താത്കാലിക ‘ആശുപത്രി’ ഒരുക്കിയത്. രണ്ടുദിവസത്തിനിടെ ജാതി, മത വ്യത്യാസങ്ങളില്ലാതെ നൂറോളം പനിബാധിതർക്ക് ക്ഷേത്രത്തിൽ ചികിത്സനൽകി.
ഗ്രാമത്തിൽ പ്രാഥമികാരോഗ്യകേന്ദ്രമുണ്ടെങ്കിലും കിടത്തിച്ചികിത്സാസൗകര്യമില്ല. ഇതോടെയാണ് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പ്രദേശത്തെ ബീരേശ്വര ക്ഷേത്രത്തിൽ രോഗികൾക്ക് കിടക്കാനുള്ള സൗകര്യമൊരുക്കിയത്. പ്രത്യേക ശ്രദ്ധവേണ്ടവരെമാത്രം താലൂക്കാശുപത്രിയിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ മാറ്റാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തവരെ ഡ്രിപ്പ് നൽകിയശേഷം വീട്ടിലേക്ക് വിടുന്നുണ്ട്.
വ്യാഴാഴ്ചമുതലാണ് ഗ്രാമത്തിൽ പനി വ്യാപകമായി പടർന്നുതുടങ്ങിയത്. രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർക്ക് ചിക്കുൻഗുനിയയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ രക്തസാംപിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ടി. ലിംഗരാജ് പറഞ്ഞു. പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നും താലൂക്ക് ആശുപത്രിയിൽനിന്നുമുള്ള ഡോക്ടർമാരാണ് ക്ഷേത്രത്തിൽ രോഗികളെ ചികിത്സിക്കുന്നത്.