നമ്മള്‍ ബസിലൊക്കെ യാത്രചെയ്യുമ്ബോള്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് ചില്ലറ. ഒരു 500 ന്റെ നോട്ടൊക്കെ കൊണ്ട് ബസില്‍ കയറിയാല്‍ കണ്ടക്റ്ററിന് ദേഷ്യമാണ്.അതുകൊണ്ട് തന്നെ ബസ് ടിക്കറ്റിനുള്ള പണം കയ്യില്‍ കരുതുന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. പലപ്പോഴും ബസില്‍ കയറുമ്ബോള്‍ ചില്ലറ യാത്രക്കാരുടെ കയ്യിലുണ്ടാവില്ല. തിരിച്ചുതരാനുള്ള ചില്ലറ കണ്ടക്ടറുടെ കയ്യിലും കാണില്ല. അപ്പോള്‍ അവിടെ വാക്ക് തർക്കവും ഉണ്ടാകുന്നു. ഇപ്പോഴിതാ ഇതിന് പരിഹാരമായി കർണാടകയിലെ കെഎസ്‌ആർടിസി യുപിഐ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇതോടെ യാത്രക്കാരുടെ ദീർഘ നാളായുള്ള ആവശ്യമാണ് അധികൃതർ നിറവേറ്റിരിക്കുന്നത്. എപ്പോഴും ചില്ലറയുടെ പേരില്‍ ബസിനുള്ളില്‍ തർക്കങ്ങള്‍ പതിവാണ്. ഇതിന് പരിഹാരമായാണ് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്‌ആർടിസി) കാഷ്‍ലെസ് പേയ്‌മെന്‍റ് സംവിധാനം ഇപ്പോള്‍ അവതരിപ്പിക്കുന്നത്.പണരഹിത ഇടപാടുകള്‍ സുഗമമാക്കുന്നതിന്, കെഎസ്‌ആർടിസി ബസുകളില്‍ ഇലക്‌ട്രോണിക് ടിക്കറ്റിംഗ് മെഷീനുകള്‍ (ഇടിഎം) സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.
ടച്ച്‌സ്‌ക്രീനുകള്‍, വയർലെസ് കണക്റ്റിവിറ്റി, വേഗതയേറിയ പ്രോസസ്സിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന 10,245 ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ട് ഇടിഎമ്മുകള്‍ ഉപയോഗിച്ച് ടിക്കറ്റ് നല്‍കുന്ന സംവിധാനം നവീകരിക്കുകയാണെന്ന് കെഎസ്‌ആർടിസി മാനേജിംഗ് ഡയറക്ടർ വി. അൻബു കുമാർ വ്യക്തമാക്കി.
രണ്ട് പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന പരമ്ബരാഗത ടിക്കറ്റ് മെഷീനുകള്‍ ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുപിഐ, ഡെബിറ്റ് കാർഡുകള്‍, ക്രെഡിറ്റ് കാർഡുകള്‍ എന്നിങ്ങനെ പല രീതിയില്‍ ടിക്കറ്റ് ചാർജ് നല്‍കാം. കെഎസ്‌ആർടിസിയുടെ 8,800 ബസുകളിലാണ് സ്മാർട്ട് ടിക്കറ്റ് മെഷീനുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.